Tuesday 2 May 2017

ശാലിനി

ശാലിനി  [Shaliny]


   “ശാലിനി മേഘങ്ങളെ നോക്കി നമ്മുടെ ഭാവി പറയും” ജോലി തിരക്കില്‍ കേട്ടതുകൊണ്ടായിരിക്കാം അതിനു വലിയ ശ്രദ്ധ കൊടുക്കാതെ ഞാന്‍ ദേവസിയേട്ടനോട് ചോദിച്ചു “അതെങ്ങിനെ”?.

ദേവസിയേട്ടന്‍ : അത് അറിയില്ല, പക്ഷേ പറഞ്ഞാ അച്ചട്ടാ.

എഴുതിത്തീര്‍ത്ത ഫയല്‍ മടക്കിവച്ച് ഞാന്‍ വീണ്ടും തുടര്‍ന്നു  

   “എന്തായാലും സംഭവം കൊള്ളം… മേഘങ്ങളെ നോക്കി ഭാവി പറയുക, ദേവസിയേട്ടന്‍ നേരിട്ടുള്ള അനുഭവസ്ഥനാണോ?”. 

   ദേവസിയേട്ടന്‍: “അല്ലാ, എന്നാലും അടുത്തറിയാവുന്നവര്‍ പറഞ്ഞാല്‍ വിസ്വസിക്കാലോ”. 

    എഴുതികൊണ്ടിരുന്ന ഫയല്‍ മടക്കിവച്ച് ദേവസിയേട്ടന്‍ വീണ്ടും തുടര്‍ന്നു “ കയ്യില്‍ നിറയെ കാശുണ്ടെങ്കിലും വീടുപണി മുടങ്ങും, സമയം മുഴുവനും ആശുപത്രിയില്‍ ചിലവാകും, അടുത്തവര്‍ഷം   വീടുപണിതുടങ്ങും, പിന്നെ എല്ലാം നന്നായി നടക്കും. എന്‍റെ സുഹ്രുത്തിനോട് ആക്കുട്ടി പറഞ്ഞതാടോ”. ചെറിയൊരു താല്‍പര്യത്തോടെ ഞാന്‍ ചോദിച്ചു “എന്നിട്ടോ”.

   ദേവസിയേട്ടന്‍: “ഇന്നലെ ആപ്പറഞ്ഞ ഒരുവര്‍ഷം കഴിഞ്ഞു, സര്‍ക്കാര്‍ തടഞ്ഞുവച്ച മൂന്നു ബില്ലുകള്‍ ഒന്നിച്ചു പാസ്സായി, ആശുപത്രിവാസം അവസാനിച്ചു, ഇന്നു കാലത്ത് വീട് പണിയും തുടങ്ങി. അതു പറയാനാ കുറച്ചുമുന്നേ പുളളിക്കാരന്‍ എന്നെ വിളിച്ചേ”. 

  ജോലി തിരക്കുകള്‍ എത്രത്തോളം ഉണ്ടങ്കിലും ഇടക്കിടെ ചായകുടിക്കാന്‍ പോകുന്ന ഒരു ഏര്‍പ്പാടുണ്ട് ദേവസിയേട്ടന്. പുറത്തേക്കിറങ്ങുന്ന വഴി ഞാന്‍ ചോദിച്ചു “നമുക്കും ഒന്ന് ഭാവി നോക്കിയാലോ”  

  ദേവസിയേട്ടന്‍: “ഫയലുകള്‍ മറിച്ചും തിരിച്ചും കൈരേഖ തേഞ്ഞുതുടങ്ങിയവര്‍ക്ക് എന്ത് ഭാവിയാടോ, പിന്നെ എന്‍റെ ഭാവീം ഭുതോം എല്ലാം കഴിഞ്ഞ ഇരുപത് കൊല്ലമായിട്ട് മേരിയുടെ വര്‍ത്തമാനത്തിനൊപ്പമല്ലേ”. 

  തല വെട്ടിച്ചുള്ള പതിവ് ചിരിയും ചിരിച്ച് ദേവസിയേട്ടന്‍ പുറത്തേക്കിറങ്ങി. ചായകുടിക്കാന്‍ പോകുന്ന ശീലമില്ലങ്കിലും ഓഫിസിന്‍റെ വരാന്തയിലൂടെ കുറച്ചു മുന്നോട്ടുനടന്നാല്‍ ആകാശം കാണാം. ആകാശത്ത് മേഘങ്ങളെ കാണാറുണ്ടെങ്കിലും അന്ന്‍ ആദ്യമായിട്ടാണ് മേഘങ്ങളെ കാണാന്‍ വേണ്ടി ആകാശത്തേക്ക് നോക്കുന്നത്. തൂവെള്ള മേഘങ്ങള്‍ നീലാകാശത്തിന് ഒരു അഴക് തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും,കൂട്ടുകാരെപ്പോലെ നിറുത്താതെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കാറ്റിനോപ്പം പതിയെ തെന്നി നീങ്ങുന്ന മേഘങ്ങള്‍ എന്താണ് പറയുന്നത്? കേള്‍ക്കാന്‍ കൊതിയോടെതന്നെ നോക്കിനിന്നു. ദേവസിയേട്ടന്‍ വന്ന് വിളിക്കുന്നതുവരെ.

     ദേവസിയേട്ടന്‍: “എന്താ മാഷേ മേലോട്ടുനോക്കി മഴ പെയ്യിക്കോ?”
“അല്ല ദേവസിയേട്ട,എന്നാലും ഈ മേഘങ്ങളെ നോക്കി എങ്ങിനെ ആയിരിക്കും നമ്മുടെ ഭാവിഒക്കെ...”. ഞാന്‍ പറഞ്ഞ് തീരുന്നതിന് മുന്നേതന്നെ ഉത്തരം റെഡി.

    ദേവസിയേട്ടന്‍: “നമ്മുടെ ഭാവിഒക്കെ അറിയാന്‍ മേഘങ്ങളെ ഒന്നും നോക്കണ്ട, പുതുക്കിയ ശമ്പളക്കമ്മിഷന്‍ വരട്ടെ അപ്പൊ അറിയാം നമ്മുടെ ഭാവി, എന്നിട്ടു വേണം ഭരിക്കുന്നവന്‍റെ ഭാവി നമുക്ക് തീരുമാനിക്കാന്‍”.

  ഭരണപക്ഷ ബഹുമാനം കുറവായതിനാല്‍ ദേവസിയേട്ടനെകൊണ്ട് ഭരിക്കുന്നവരുടെ രാഷ്ടിയത്തെപറ്റി കൂടുതലൊന്നും പറയിക്കാതെ അഞ്ചു മണിയാക്കി. 

    അധികം ചുറ്റിത്തിരിയല്‍ ഇല്ലാത്തതിനാല്‍ അന്ന് നേരത്തെ വീട്ടില്‍ എത്തി. നീളത്തില്‍ കീറിയ പച്ച ഈര്‍ക്കിലികള്‍ ചെറിയ കെട്ടാക്കി അയല്‍പക്കത്തെ കുട്ടികളെ തല്ലാന്‍ ഓടിച്ചിടുന്ന അമ്മയെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. എന്നെക്കൂടി കണ്ടപ്പോള്‍ ആകെ അങ്കലാപ്പിലായ കുട്ടികള്‍ പുറകുവശത്തെ വഴിയിലൂടെ അമ്മയെ കളിയാക്കി ഓടിപോയി. ഞാന്‍ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു തുടങ്ങി.

    അമ്മ: “നീ നോക്കിയേ, എത്ര കാലംകൊണ്ടാണെന്നോ ഇത് വളര്‍ന്ന് ഇത്രത്തോളം ആയെന്ന്, ഇനി വരട്ടെ അവന്‍മാര്‍ നല്ല തല്ലു കൊടുക്കും ഞാന്‍”

  പടിഞ്ഞാറെ അതിരിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉള്ളി ചാമ്പയെ ചുറ്റിപ്പുണര്‍ന്ന് നില്‍ക്കുന്ന കുന്നി ചെടിയുടെ വള്ളിക്കള്‍ നിറയെ ചുവന്ന പൊട്ടുകള്‍ കുത്തിവച്ചപോലെ കുന്നിക്കുരുക്കള്‍. എന്‍റെ   നില്‍പ്പ് കണ്ടപ്പോള്‍തന്നെ അമ്മക്ക് കാര്യം മനസിലായി.

    അമ്മ : “ആരെങ്കിലും ഈ വീട് പൊക്കി കൊണ്ടുപോയാലും അറിയാത്ത നിന്നോടൊക്കെ പറയുന്നതിലും ഭേതം വല്ല വീമാനവും പറത്താന്‍ പോകുന്നതാ, ആ കുന്നിക്കുരു സൂക്ഷിച്ചുനോക്കിയെ, വല്ലതും തോന്നിയോ”. ഞാന്‍ കൂടുതലൊന്നും പറയാതെ കണ്ണുകള്‍ അടച്ചുപൂട്ടി ഇല്ല എന്നു കാണിച്ചു. സംസാരത്തിനിടെ അമ്മ നിലത്തുവീണുകിടക്കുന്ന കുന്നിക്കുരുകള്‍ പെറുക്കുന്നുണ്ടായിരുന്നു.       
   അമ്മ : “സാധാരണ കുന്നികുരുകള്‍ക്കെല്ലാം കറുത്ത വട്ടം ഉണ്ടാകും, ഇതുനോക്കിയെ കുടുതല്‍ എണ്ണത്തിനും നല്ല ചുവപ്പ് നിറം മാത്രം, ഒരേ അതിശയങ്ങളെ ഞാന്‍ ആദ്യമായിട്ടാ ഇത്തരത്തിലുള്ള കുന്നിക്കുരു കാണുന്നേ”.

    ഇതൊന്നും നമ്മുടെ വിഷയങ്ങള്‍ അല്ലാത്തതു കാരണം എനിക്ക് അങ്ങിനെ അതിശയമൊന്നും തോന്നിയില്ല. ചെറുതും വാ വട്ടം കൂടിയതുമായ ചില്ലുകുപ്പികളില്‍ ഈ കുന്നികുരുകള്‍ അമ്മ സൂക്ഷിച്ചു വയ്ക്കുന്നുണ്ടായിരുന്നു. കൌതുകത്തോടെ ഇതൊക്കെ നോക്കിനിന്ന എന്നോട് അമ്മ പറഞ്ഞു.

      അമ്മ : “കണ്ടോ ഈ ചെറിയ കുപ്പിയില്‍ കറുത്ത പോട്ടുള്ളത്, ഈ വലിയ കുപ്പിയി ചുവപ്പ് മാത്രം”.

     അമ്മയുടെ കൈയില്‍ നിന്നും ആ കുപ്പികള്‍ വാങ്ങി കുറേനേരം നോക്കിനിന്നു. ഉള്ളിലെ സന്തോഷം മറച്ചുവെക്കാതെ ഞാന്‍ പറഞ്ഞു “നല്ല രസം”. “ഉം” ഒന്നു മൂളികൊണ്ട് അമ്മ അകത്തേക്കുപോയി. ആകാശത്തേ മേഘങ്ങളുടെയും, ഭുമിയിലേ കുന്നിക്കുരുവിന്‍റെയും ഭംഗി ആദ്യമായി അറിഞ്ഞ ആ ദിവസം സമാധാനമായി ഉറങ്ങി.
            
   ഓഫീസ്, വീട്, കുറച്ചു ചുറ്റിത്തിരിയല്‍ അങ്ങിനെ പോകുന്ന ദിവസങ്ങള്‍. പ്രത്യേക ഉത്തരവാദിത്തം ഒന്നും ഇല്ലാത്തതിനാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ ഭഗ്യവാനയി ജീവിക്കുന്നു. വലിയ മാറ്റങ്ങള്‍ ഒന്നും അവകാശപെടാതെ ആഴ്ച്ചകളും മാസങ്ങളും കടന്നു പോയ്‌. മകന്‍റെ അടുത്തുനിന്നും തിരിച്ചെത്തിയ സുമ ചേച്ചി വിദേശ വാര്‍ത്തകള്‍ കൊണ്ട് ഓഫീസ് സജീവമാക്കി.ദേവസിയേട്ടന്‍റെ ചോദ്യങ്ങളും സുമ ചേച്ചിയുടെ ഉത്തരങ്ങളും ദിവസവും അഞ്ചു മണി ആകുവാന്‍ മത്സരിച്ചു.

 ജര്‍മ്മനിയുടെ തലസ്ഥാനത്തുണ്ടായ മേഘവിസ്ഫോടനത്തിന്‍റെ അനന്തരഭലങ്ങള്‍ ബെര്‍ലിന്‍ ജനതയെക്കാള്‍ ഏറ്റുവാങ്ങിയത് ഈ ഓഫീസിലുള്ളവരാണ്. മാസങ്ങളോളം നീണ്ടുനിന്ന സുമ ചേച്ചിയുടെ വിദേശ വാര്‍ത്തകളിലൂടെ, അവരുടെ മകനും ബെര്‍ലിനിലെ ജനങ്ങളും ഞങ്ങളുടെ അയല്‍ക്കാരായി.ഒരുമിനിറ്റുകൊണ്ട് എഴുപത്തിരണ്ടായിരത്തി മുന്നൂറ് ടണ്‍ വെള്ളം ഒരേക്കറില്‍ പതിപ്പിക്കാന്‍ ഒരു മേഘവിസ്പോടനതിനു സാധിക്കും. ഇത്തരത്തില്‍ നാശംവിതച്ച നാടുകളെക്കുറിച്ചുള്ള ദേവസിയേട്ടന്‍റെ  വിവരങ്ങള്‍ അഞ്ചുമണിവരെ തുടര്‍ന്നു.

    അന്ന് വയ്കുന്നേരം കാലംതെറ്റി പെയ്ത മഴ എല്ലാവരെയും പോലെ എന്നെയും ചുറ്റിച്ചു. ബസ്സിനായുള്ള കാത്തുനില്‍പ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് ഓട്ടോറിക്ഷയില്‍ അഭയംതേടി. “ഇതുവല്ല മേഘവിസ്ഫോടനവും ആയിരിക്കോ??” അന്ന് ഓഫീസില്‍നിന്നും കിട്ടിയ വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍ക്ക് മുന്നില്‍ അന്തസോടെ അവതരിപ്പിച്ചു. യാതൊരു ഭവവെത്യാസവുംകൂടാതെ ഡ്രൈവര്‍ സംസാരിച്ചുതുടങ്ങി “ഏയ്, ഇത് അതൊന്നുമല്ല സാറേ... ന്യൂനമര്‍ദ്ദത്തിന്‍റെയാ. പിന്നെ നമ്മുടെ നാട്ടില്‍ ചൂട് കാറ്റിന്‍റെ അളവ് കുറവായതുകൊണ്ട് മേഘവിസ്ഫോടനത്തിന് ചാന്‍സ് ഇല്ലാ..”. പുതിയ അറിവുകള്‍, ഞാന്‍ ഒന്നുംമിണ്ടിയില്ല. അയാള്‍ തുടര്‍ന്നു “ശാസ്ത്രം ഒരിക്കല്‍ തെളിയിച്ച കാര്യങ്ങള്‍ മാറ്റിപ്പറയാന്‍ മറ്റൊരു ശാസ്ത്രത്തിനെല്ലെ പറ്റു,.. അപ്പൊ അതാണ് ശരി എന്ന് നമ്മളും സമ്മതിക്കും”. 

  ഞങളുടെ കവല എത്തുന്നതുവരെ ഞാന്‍ മൌനം തുടര്‍ന്നു, അതുകൊണ്ടാകാം കാശ് വാങ്ങുന്നതിനിടയില്‍ എനിക്ക് അനുകൂലമായി അയാള്‍ ഇങ്ങിനെ സംസാരിച്ചത് “ മേഘം നോക്കി നമ്മുടെ ഭാവിവരെ പറയാന്‍ പറ്റും, പക്ഷേ അത് ശാസ്ത്രമല്ലാത്തതുകൊണ്ട് ആരും അങ്കീകരിക്കില്ല.. അതുകൊണ്ട് വേണമെങ്കില്‍ സാറ് പറഞ്ഞപോലെ മേഘവിസ്ഫോടനവും സംഭവിക്കാം”. ചെറുതായി ഒന്നുചിരിച്ച്‌ മഴ കളം വരച്ച വഴിയിലൂടെ ഞാന്‍ വീട്ടിലേക്ക് നടന്നു. “ മേഘം നോക്കി നമ്മുടെ ഭാവിവരെ പറയാന്‍ പറ്റും”, ആ ഡ്രൈവര്‍ പറഞ്ഞത് ശാലിനിയെക്കുറിച്ചാണോ?. മാസങ്ങള്‍ക്കുശേഷം ശാലിനിയെപറ്റിയും, സ്വന്തം ഭാവിയെപ്പറ്റിയും വീണ്ടും ആലോചിച്ചു. വീടിനുമുന്നില്‍ എത്തിയപ്പോഴാണ് കവലയില്‍നിന്നും അമ്മ വാങ്ങാന്‍ പറഞ്ഞ സാധനങ്ങളെപറ്റി ചിന്തിച്ചത്. എന്നത്തേയും പോലെ വഴക്കുകേള്‍ക്കാന്‍ കണക്കാക്കി ചിരിച്ചുകൊണ്ട് മുന്നോട്ടുനടന്നു.

    “കാഴ്ച്ചക്ക് ഗോചരമായരീതിയിൽ ഭൌമാന്തരീക്ഷത്തിലെ നീരാവി   ഘനീഭവിച്ചുണ്ടകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ”.നെഫോളജി.... മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്. അന്നത്തെ രാത്രി മേഘങ്ങള്‍ക്കായി മാറ്റിവച്ചു. സ്ട്രാറ്റസ്, ക്യുമുലസ്, സീറസ് ഇത്തരത്തില്‍ മൂന്നായി തരംതിരിച്ച മേഘങ്ങള്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ല. എന്നിരുന്നാലും മനസ്സില്‍ ഉറപ്പിച്ച തീരുമാനത്തോടെ തന്നെ കിടക്കാന്‍ തീരുമാനിച്ചു.“എങ്ങിനെയെങ്കിലും ശാലിനിയെ കണ്ടെത്തണം, മേഘങ്ങള്‍ക്ക് എന്താണ് എന്നെക്കുറിച്ച് പറയാനുള്ളത് എന്നും കേള്‍ക്കണം”.

    നേരം വെളുക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ആ ഞായറാഴ്ച പള്ളിമണി മുഴങ്ങുന്നതിനുമുന്നേ എന്‍റെ ഫോണ്‍ വിളികള്‍ ആയിരിക്കും ദേവസിയേട്ടനെ ഉണര്‍ത്തിയത്. “ശാലിനിയെ....ആ... ശാലിനിയെപറ്റി കൂടുതല്‍ അറിയണം”. ഫോണ്‍ എടുത്തമാത്രയില്‍ ഞാന്‍ പറഞ്ഞ വാക്കുകളാണിത്.ആളുടെ ഉത്തരവും  പെട്ടന്നായിരുന്നു “ഏത്... ഏത് ശാലിനി...? നിനക്ക്...എന്തുപറ്റി? ഞാന്‍ വേണമെങ്കില്‍ മേരിയെപറ്റി പറയാം”. എനിക്ക് ചിരിവന്നു. “അല്ല ചേട്ടാ ആ മേഘം നോക്കി കാര്യങ്ങള്‍ പറയുന്ന കുട്ടി”.

   ദേവസിയേട്ടന്‍: “അന്ന് ആ കുട്ടിയെ കാണാന്‍പോയ നമ്മുടെ ചങ്ങാതി ഇപ്പോ നാട്ടിലില്ലല്ലോ, ഞാനൊന്ന് നോക്കട്ടേ...”. ദേവസിയേട്ടന്‍ അന്വേഷിക്കും എന്നുള്ളത് എനിക്കുറപ്പാണ്, പക്ഷേ അതുവരെ കാത്തിരിക്കാന്‍ മനസ്സ് സമ്മതിക്കുകയുമില്ല. കൂടുതല്‍ ആലോചനക്ക് നില്‍ക്കാതെ ആകാശത്ത് തെന്നിനീങ്ങുന്നു മേഘങ്ങളെ നോക്കികൊണ്ട്   ഓഫീസിനടുത്തുള്ള ഓട്ടോ സ്റ്റാന്‍റെ ലക്ഷ്യമാക്കി നടന്നുതുടങ്ങി.

  കാത്തുനില്‍പ്പ് തുടങ്ങിയിട്ട്‌ ഒത്തിരിനേരമായി. കാറ്റിനൊപ്പം തെന്നിനീങ്ങുന്ന മേഘങ്ങള്‍ പോലെ തിരക്കിനോപ്പം ഓടുന്ന ആളുകള്‍. ഒത്തിരി മുഹൂര്‍ത്തങ്ങള്‍ ഉള്ള ദിവസമായതിനാലാവം നഗരത്തില്‍ നല്ല തിരക്ക് അനുഭവപെട്ടു. എനിക്കറിയേണ്ട  ഉത്തരവുമായി ഇന്നലെ കണ്ട ആഓട്ടോ ഡ്രൈവര്‍ എത്തുന്നതുവരെ നോക്കിനില്പ് തുടരേണ്ടിവന്നു.                                             
  കൂടുതല്‍ വിവരണങ്ങള്‍ക്ക് നില്‍ക്കാതെ ഞാന്‍ അയാളോട് സംസാരിച്ചുതുടങ്ങി “ ഇന്നലെ നിങ്ങള്‍ പറഞ്ഞില്ലേ... മേഘങ്ങളെ നോക്കി സംസാരിക്കുന്ന ഒരാളെപറ്റി... അയാളെ കാണണം”. ഒന്ന് ആലോചിച്ച് ഡ്രൈവര്‍ പറഞ്ഞു “ അയ്യോ ആ സ്ഥലം ഇവിടെ അല്ല, അങ്ങ് വയനാട്ടില്‍ എവിടെയോ ആണ്. പറഞ്ഞുകേട്ടിട്ടുള്ള അറിവേ എനിക്കൊള്ളു, അനുഭവസ്ഥന്‍ ഒരു സുഹ്രുത്താണ്”. എന്‍റെ   മുഖത്തെ നിരാശ കണ്ടിട്ടാവാം അയാള്‍ സമാധാന വാക്കുകള്‍ പറഞ്ഞത് “ സാര്‍ ഏതായാലും വണ്ടിലോട്ട് കയറു, എന്‍റെ ആ കൂട്ടുകാരന്‍ വീട്ടില്‍ ഉണ്ടോ എന്ന് നോക്കാം”. പരീക്ഷ ഭലം നോക്കാന്‍ പോകുന്ന സ്കൂള്‍ കുട്ടിയുടെ നെഞ്ചിടിപ്പോടെ ഓട്ടോറിക്ഷ ഓടിതുടങ്ങി.

  ഏത് കാര്യത്തിനിറങ്ങിയാലും വര്‍ഷങ്ങളായി അനുഭവപെടുന്ന തടസ്സങ്ങള്‍ ഉണ്ടാവുമോ എന്ന ഭയം അയാളുടെ വീട് എത്തുന്നതുവരെ എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഓട്ടോക്കാരന്‍റെ ചോദ്യങ്ങളെയെല്ലാം ഒറ്റവാക്ക് ഉത്തരത്തില്‍ നിര്‍ത്തി. മോഹനന്‍ എന്ന് പേരുള്ള ആ സുഹ്രത്ത് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുംബോഴേക്കും ഞങ്ങള്‍ അവിടെത്തി. ഓട്ടോക്കാരന്‍റെ ചെറിയ ആമുഖത്തോടൊപ്പം നടന്ന പരിചയപ്പെടല്‍ ദീര്‍ഘിപ്പിക്കാതെ, ആകാശത്ത് അങ്ങിങ്ങായി നില്‍ക്കുന്ന മേഘങ്ങളെ സാക്ഷിയാക്കി മോഹനന്‍ പറഞ്ഞുതുടങ്ങി. “എന്‍റെ അനുഭവത്തില്‍ സംഭവം സത്യംതന്നെയാ.., പക്ഷെ ആകുട്ടി അതൊരു തൊഴിലായിട്ടൊന്നും കാണാത്തതുകൊണ്ട് നമുക്ക് നിര്‍ബ്ബന്ധിക്കാനൊക്കില്ല. രണ്ടുകൊല്ലം മുന്‍പ് ഞാന്‍ വയനാട്ടില്‍ ജോലിചെയ്യുന്ന സമയം, അവരുടെ ടിവി റിപ്പയര്‍ ചെയ്യാന്‍ പോയപ്പോഴാണ്‌ ശാലിനി എന്‍റെ ഭാവി പറഞ്ഞത്..... അന്ന്  പറഞ്ഞ കാര്യങ്ങള്‍ ഇന്നുവരെ തെറ്റിയിട്ടില്ല”

  എന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ മോഹനന്‍ വീണ്ടുംവീണ്ടും സംസാരിച്ചുകൊണ്ടേയിരുന്നു.

   “ചെറിയ ചില്ലുകുപ്പികളില്‍ നിറച്ചുവച്ച കുന്നിക്കുരുകള്‍ കൈഉയര്‍ത്തി ആക്കുട്ടിയുടെതന്നെ മടിയിലുള്ള വലിയ പാത്രത്തിലേക്ക് ഇട്ടുകൊണ്ടിരിക്കും. ആകാശത്ത് കാണുന്ന മേഘങ്ങളെക്കുറിച്ച് നമ്മളോട് ചോദിക്കും. എന്നിട്ട് കണ്ണുകള്‍ അടച്ച് ആരേയും ശ്രെദ്ധിക്കാതെ, പാത്രത്തില്‍ വീണുകൊണ്ടിരിക്കുന്ന കുന്നിക്കുരുവിന്‍റെ ശബ്ദത്തോടൊപ്പം ശാലിനി നമ്മളുടെ ഭാവി പറഞ്ഞുതുടങ്ങും”.

  “അവരുടെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല. എന്നാലും ആക്കുട്ടി കാശൊന്നും വാങ്ങാന്‍ വഴിയില്ലാട്ടോ,.. നേരെ വയനാട് അവിടെ അമ്പലവയല്‍ എന്ന സ്ഥലത്ത് എത്തിയാല്‍, വലിയമന ചോദിച്ചാല്‍ ആരും പറഞ്ഞുതരും. ശാലിനി അവിടെ കാണും”.

   പരീക്ഷ ജയിച്ച സന്തോഷത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ചുറ്റുപാടും ഒത്തിരി കല്യാണങ്ങള്‍ ഉണ്ടായകാരണം ആരുംതന്നെ അവിടുണ്ടായിരുന്നില്ല. കൂടുതലൊന്നും ആലോചിക്കാതെ നേരെ വയനാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയില്‍ പിന്തുടരുന്ന മേഘങ്ങള്‍ എല്ലാത്തിനും സാക്ഷിയാണ് എന്നിരുന്നാലും ഇരുട്ടുന്നതിന്‌മുന്നേ അമ്മയെ ഫോണില്‍ വിളിച്ചു.. 

“അമ്മേ... എനിക്ക് ഓഫീസ്സിലെ ഒരത്യാവശ്യകാര്യത്തിന്‌ പോകണം... നാളയെ വരൂ...”   

 അമ്മ ദേഷ്യത്തിലാണ് അതുകൊണ്ടുതന്നെ മറുപടിയും പെട്ടന്നായിരുന്നു “ ഇവിടെ ഇരുന്ന കുന്നിക്കുരുകൊണ്ട് എന്ത് അത്യാവശ്യമാണ് നിന്‍റെ ഓഫീസ്സിലുള്ളത്??”. 

    അമ്മയെ കൂടുതല്‍ പറയാന്‍ അനുവതിക്കാതെ ഫോണ്‍ കട്ട്‌ ആക്കി. പോരുന്നതിനു മുന്നേ ഞാന്‍ ആ കുന്നിക്കുരുകള്‍ എടുത്തു. അമ്മ അതിനുമുന്നില്‍ അടക്കിയൊതുക്കി വച്ചിരുന്ന പാത്രങ്ങള്‍ഒക്കെ ഞാന്‍ എടുത്തുമാറ്റിയിരുന്നു, അതായിരിക്കും അമ്മയുടെ സംശയം നേരെ എന്നിലേക്ക്‌ തിരിഞ്ഞത്. നാളെ വെളുക്കുമ്പോള്‍ വയനാട് എത്തും, രാത്രിയിലും യാത്ര. ആകാശ കാഴ്ചയില്‍ ആനന്തം നല്‍കികൊണ്ട് പൂര്‍ണ്ണചന്ദ്രന്‍റെ മുന്നിലൂടെ അപ്പോഴും മേഘങ്ങള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, പുതിയ പ്രഭാതത്തിനുവേണ്ടി.

  വലിയമന കണ്ടുപിടിക്കാനായി അധികം‌ ബുദ്ധിമുട്ടേണ്ടിവന്നില്ല. മതില്‍ക്കെട്ടിനുള്ളില്‍ കുറച്ച് പ്രായംതോന്നിക്കുന്ന ഒരാളോടാണ് ഞാന്‍ ആവശ്യം അറിയച്ചത്. അയാള്‍ ചിരിച്ചു.

  “ഇത്ര ദൂരം താന്‍ ഇതിനുവേണ്ടിയാണോ വന്നത്??.... ആക്കുട്ടി നോട്ടക്കാരിയൊന്നും അലാട്ടോ.. അപരിചിതരോട് അവള്‍ അങ്ങിനെ അധികമായി സംസാരിക്കാറില്ല... ഏതായാലും ഞാന്‍ ചോദിച്ചിട്ട് വരാം”.

    അയാള്‍ അകത്തേക്ക് പോയി. ആകാശത്ത് മേഘങ്ങള്‍ ഇരുണ്ടതായി തോന്നി. പതിയേ പുറത്തേക്ക് നടന്നുവരുന്ന അയാള്‍ പറയാതെ തന്നെ മറുപടി മനസ്സിലാക്കിയ ഞാന്‍, കൈയിലുള്ള കുന്നിക്കുരു അടങ്ങിയ കുപ്പി അയാള്‍ക്ക് നല്‍കി.

  “അവരെ നിര്‍ബന്ധിക്കണ്ടാ.... ഇത്ര ദൂരം വന്നത് വെറുതെ ആവാതിരിക്കാന്‍ തരുന്നതല്ലാന്ന് പറഞ്ഞോളു. കേട്ടറിഞ്ഞറിഞ്ഞതുവച്ച് ശാലിനിക്ക് വേണ്ടിതന്നെ കൊണ്ടുവന്നതാണ്. ഇതൊന്നു കൊടുത്താല്‍ നന്നായിരുന്നു”.  

  മാന്യമായ പെരുമാറ്റം. അയാള്‍ അതുമായി അകത്തേക്കുപോയി. തെന്നിമാറിയ ഇരുണ്ട മേഘങ്ങള്‍ ആകാശത്തെ തെളിയിച്ചു. അകത്ത് പാത്രത്തിലേക്ക് വീഴുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം പ്രതീക്ഷയായി. “അകത്തേക്ക് വന്നോളു”. അയാളുടെ വാക്കുകളില്‍നിന്നും ഞാന്‍ അനുഭവിച്ച സന്തോഷം, തണുത്ത കാറ്റിനൊപ്പം പാറിപ്പറന്ന അപ്പുപ്പന്താടി പോലെ എന്നെ ശാലിനിയുടെ അടുത്തെത്തിച്ചു.

   "ശാലിനി"... തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ മുന്നിലൂടെ പാറിപ്പറക്കുന്ന മുടി. ഇമവെട്ടാത്ത കണ്ണുകള്‍ എന്നെ തിരിച്ചറിഞ്ഞ പോലെ ചുണ്ടുകളോട് എന്തോ പറഞ്ഞു. കുന്നിക്കുരുവിന്‍റെ ചുവപ്പുള്ള ചുണ്ടുകള്‍ എന്നെ നോക്കി ചിരിച്ചു. പാത്രത്തില്‍ വീഴുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം എനിക്കുചുറ്റും പെയ്യുന്ന മഴയായി തോന്നി.
  
  “പറഞ്ഞുകേട്ട കാര്യങ്ങള്‍ നേരിട്ടറിയാന്‍ വന്നതാണ്‌”. മറ്റൊന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു. മറുപടിയും പെട്ടന്നായിരുന്നു. 

“പുറത്തേക്കിറങ്ങി ആകാശം നോക്കി കാണുന്നത് എന്താണന്ന് പറയൂ”.

  പുറത്തിറങ്ങി തിരിച്ചെത്തിയ ഞാന്‍ ശാലിനിയോട് പറഞ്ഞു. “തെളിഞ്ഞ ആകാശത്ത് മങ്ങിയ മേഘങ്ങള്‍ക്ക് മുന്നിലൂടെ പഞ്ഞികെട്ട് പോലെ വെളുത്ത മേഘങ്ങള്‍ യാത്രചെയ്യുന്നു. കുറച്ചകലെ വെള്ളിപൂശിയപോലെ തിളങ്ങുന്ന വലിയ മേഘക്കുട്ടങ്ങളും കാണാം”.

   പാത്രത്തില്‍ വീണുകൊണ്ടിരിക്കുന്ന കുന്നിക്കുരുവിന്‍റെ ശബ്ദം നിലച്ചു. ശാലിനി കണ്ണുകളടച്ചു, 

 “ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഉള്ളിലടക്കി മറ്റുള്ളവരുടെ മുന്നില്‍ എത്രനാള്‍ ഇതുപോലെ സന്തോഷം അഭിനയിക്കും. സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍, കുറച്ചകലെ തിളക്കമുള്ള ഭാവി നിങ്ങള്‍ക്കായി കാത്തിരിക്കുന്നു”. 

   ശാലിനി പറഞ്ഞ വാക്കുകളില്‍ ഒളിച്ചിരിക്കുന്ന ആയിരം അര്‍ത്ഥങ്ങള്‍ എന്‍റെ പല ചോദ്യങ്ങളുടെയും ഉത്തരങ്ങളാണ്. ഇനി എന്തുപറയണം എന്നറിയാതെ ഞാന്‍ ചോദിച്ചു.

“ആ കുന്നിക്കുരുവിന്‍റെ പ്രത്യേകത മനസ്സിലായോ??”... 

“ഇല്ലല്ലോ”.. അവരുടെ പെട്ടന്നുള്ള ഉത്തരം എനിക്ക് ഇനിയും സംസാരിക്കാനുള്ള അവസമായതിലുള്ള സന്തോഷത്തോടെ ഞാന്‍ തുടര്‍ന്നു.

   “എന്‍റെ അമ്മയും ഇതുപോലെ കുന്നിക്കുരുക്കള്‍ സൂക്ഷിക്കുന്നുണ്ട്. ഇപ്പോ ശാലിനിയുടെ കൈയില്‍ ഇരിക്കുന്ന കുന്നിക്കുരു ആണ് അതില്‍ പ്രധാനി. നോക്കിയേ ഇതിനൊന്നും കറുത്ത പൊട്ടുകള്‍ ഇല്ലാ”.

  അവള്‍ അപ്പോഴാണ് അത് ശ്രെദ്ധിക്കുന്നത്. “കൊള്ളാലോ”.. സന്തോഷത്തോടെ അതെല്ലാം വാരിയെടുത്ത് വീണ്ടും പാത്രത്തിലേക്കിട്ടു. പാത്രത്തില്‍നിന്നും കണ്ണെടുക്കാതെ ശാലിനി ചോദിച്ചു 

   “ഇയാള്‍ക്ക് ഇനിയും എന്തോ ചോദിക്കാനുണ്ടല്ലോ?.. ഒത്തിരി യാത്ര ചെയ്യേണ്ടതല്ലേ?.. ചോദിച്ചോളൂ... സമയം കളയണ്ട”.

  “കൂടുതലൊന്നുമില്ല രണ്ടു ചോദ്യങ്ങള്‍”.. തയ്യാറാക്കിവച്ചപോലെ ഞാന്‍ ആരംഭിച്ചു.

ചോദ്യം ഒന്ന് :എന്ത് അടിസ്ഥാനപെടുത്തിയാണ് മേഘങ്ങളിലൂടെ ഭാവി പറയുന്നത്?...

ചോദ്യം രണ്ട് : നിങ്ങളുടെ ആഗ്രഹങ്ങള്‍ എന്തെല്ലാമാണ്?. 

   ചോദ്യങ്ങള്‍ കുറച്ച് ഔപചാരികമായോ എന്ന സംശയത്തോടെ ഉത്തരം കേള്‍ക്കാന്‍ തയ്യറായി.

     ഉത്തരം ഒന്ന് :“കാറ്റിന് വഴികാട്ടിയായി മലപോലുയരാനും, മഴയായി പെയ്യാനും, പുഴപോലോഴുകാനും മേഘത്തിനാകും. കണ്ടുനില്‍ക്കെ മാറിമറയുന്ന മനുഷ്യ മനസ്സുപോലെയാണ് ആകാശത്തെ മേഘങ്ങള്‍. കറുത്തവന്നെന്നും, വെളുത്തവനെന്നും, വലിയവനെന്നും, ചെറിയവനെന്നും നമ്മള്‍ നമ്മളെ തരം തിരിച്ചപോലെ, മേഘങ്ങള്‍ക്കും തരംതിരുവുകളുണ്ട്. നിങ്ങള്‍ ആകാശ കാഴ്ചകളെക്കുറിച്ച് എന്നോട് പറയുമ്പോള്‍ നിങ്ങളുടെ മനസ്സിന്‍റെ സന്തോഷവും സങ്കടവും ഒരു നിമിത്തം പോലെ വേര്‍തിരിച്ചെടുക്കാന്‍ എനിക്കാകും”

       ഉത്തരം രണ്ട് :“ നിങ്ങള്‍ ഇവിടെ എത്തുന്നവരെ ഒരു ആഗ്രഹമേ എനിക്കുണ്ടായിരുന്നൊള്ളു. ഇപ്പോള്‍ ഒന്നുടെ കൂടി... രണ്ടും പറയാം.. ശാന്തമായി പരന്നുകിടക്കുന്ന നീല ആകാശത്തില്‍ തിരമാലകള്‍ കണക്കേ ആര്‍ത്തുവിളിച്ചു വരുന്ന വെള്ള മേഘങ്ങളെയും, നിങ്ങള്‍ എനിക്കായി കൊണ്ടുവന്ന കറുത്ത പൊട്ടില്ലാത്ത കുന്നിക്കുരുവും കണ്ണുനിറയെ കാണാനായി ഒരിക്കലെങ്കിലും എനിക്ക് കാഴ്ച കിട്ടണം”.

  പറഞ്ഞുനിര്‍ത്തിയ ഉടനെ അവള്‍ കുന്നിക്കുരുവിന്‍റെ സംഗീതത്തിലേക്ക് മുഴുകി. അപ്പോഴേക്കും ജന്മനാ കാഴ്ച്ചയില്ലാത്ത ശാലിനിയുടെ വിഷമം എന്‍റെ മനസ്സില്‍ മായാത്ത കറുത്ത പൊട്ടായി. അവിടെനിന്നും യാത്ര പറഞ്ഞിറങ്ങുബോള്‍ ഞാന്‍ ഒന്നുറപ്പിച്ചിരുന്നു. “നമുക്ക് ഇഷ്ടമുള്ളവര്‍, നമ്മളെ ഇഷ്ടമുള്ളവര്‍, ഇവരൊക്കെ വിഷമിക്കാതിരിക്കാന്‍ ,പല ആഗ്രഹങ്ങളും നമ്മള്‍ മറച്ചുവെക്കാറുണ്ട്. അത്തരക്കാരായ ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്നുപറയാനാണ് ഇന്നുമുതല്‍ എന്‍റെ തീരുമാനം.. ഇനി ഞാന്‍ ജീവിക്കും എന്‍റെ സ്വപ്നങ്ങള്‍ക്കു വേണ്ടി”.  

      തിരിച്ചുള്ള യാത്രയില്‍ മേഘങ്ങള്‍ പറഞ്ഞുതന്ന കഥകളാണ് എന്നെ വീടുവരെ എത്തിച്ചത്. ഇരുട്ടായി തുടങ്ങി. അമ്മ ഞാന്‍ എത്തുന്നതും നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും പറയാന്‍ അനുവതിക്കാതെ ഓടിച്ചെന്ന് അമ്മയെ കെട്ടിപിടിച്ചു പറഞ്ഞു.

“അമ്മേ...ശാലിനി മേഘങ്ങളെ നോക്കി നമ്മുടെ ഭാവി പറയും” 

കെ എന്‍ സരസ്വതി
[Soney Naraynan]

No comments:

Post a Comment