Saturday 23 April 2016

കാക്കാത്തി


കാക്കാത്തി


     തിക്കും തിരക്കും കൂട്ടിനിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ വളരെ പ്രയാസപ്പെട്ട് കടന്നു പോയിരുന്ന കാനനപാതകള്‍ക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. വീതികൂടിയ നാട്ടുവഴിയായി മാറിയ അവിടെ പേരിനുമാത്രം മരങ്ങള്‍ വിരല്‍ എണ്ണത്തില്‍ ഒതുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. “കാട്ടുതീ തടയുക”, “മരം ഒരു വരം”, “വന്യജീവികളെ ഉപദ്രവിക്കരുത്” ഇത്തരത്തില്‍ എഴുതിയ ബോര്‍ഡുകള്‍ക്ക്  അഭയംനല്‍കിയ ഈ മരങ്ങള്‍ തൊട്ടപ്പുറത്തുള്ള കാടിന്‍റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തപോലെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരുകാലത്ത് കാടിനുള്ളിലെ ഈ കാട്ടുമരങ്ങളുടെ ചുമതല ഏറ്റെടുത്തിരുന്ന അന്നത്തെ നാട്ടുമരങ്ങള്‍ ആ നാട്ടുക്കാര്‍ക്ക് ഇന്ന് ഓര്‍മ്മപോലുമല്ലാതായിരിക്കുന്നു.

  “തൊഴില്‍ സംരക്ഷണം”, “നിത്യക്കൂലി”, “പോഷകാഹാര വിതരണം”. ശനിദിശ മാറാത്ത ആദിവാസികള്‍ എഴുതിയ വിപ്ലവ വാക്യങ്ങള്‍. ചെറിയ മരങ്ങള്‍ക്കു ചുറ്റുംകൂടി ആദിവാസി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന വിവിധ  നേതാക്കള്‍. എല്ലാവരും കേള്‍ക്കാനായി കാക്കാത്തി പറഞ്ഞു “നേതാക്കന്‍മാരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല” ഈ വാക്കുകളിലെ ആത്മാര്‍ത്ഥത നേതാക്കളുടെ തല ഉയര്‍ത്തി. ഒന്നുനിര്‍ത്തിയശേഷം ഉയര്‍ത്തിയ തലകളെ നോക്കി കാക്കാത്തി വീണ്ടും തുടര്‍ന്നു “മുതലാളിമാര്‍ ഇവയെ കടയോടെ പിഴുത് അവരുടെ വീട്ടുമുറ്റത്തുനടും, വെള്ളം ഒഴിക്കും, ആവശ്യത്തിലുമതികം വളമിടും, ഈ മരങ്ങള്‍ അവര്‍ക്കു  തണലായി അവിടെ തന്നെ തഴച്ചുവളരും” പ്രായമായെങ്കിലും കാക്കാത്തി പറയുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാവരും കേട്ടിരുന്നു. ഉയര്‍ത്തിയ തലകളെ താഴ്ത്താന്‍ നിശബ്ദതക്കായി.

    ഉച്ചവെയില്‍ ആ നിശബ്ദതയെ തള്ളിനീക്കി അവിടെയെത്തി. തണല്‍ നഷ്ടപ്പെട്ട നേതാക്കന്മാര്‍ പലനിറത്തില്‍ പാറിപറക്കുന്ന കൊടികളുടെ കീഴില്‍ അഭയംതേടി. മാറി മാറി വരുന്ന തണലും നോക്കി തൊഴിലുറപ്പ് സമരത്തിനുവന്ന ആദിവാസികള്‍ ഒരുറപ്പും കിട്ടാതെ അവിടെത്തന്നെ ഇരുന്നു. കൈരേഖ ശാസ്ത്രവും, മുഖലക്ഷണവും വ്യക്തമായി അറിയവുന്നതുകൊണ്ടാവം പല നിറത്തിലുള്ള കൊടികളുമായി അവിടേക്ക് എത്തുന്ന ഇത്തരക്കാരെ കാക്കാത്തി വിസ്വസിച്ചിരുന്നില്ല.

   ഇന്ന് അവിടെ ജീവിക്കുന്ന മറ്റെല്ലാവരെയും പോലെ കാക്കാത്തിയുടെ അവസ്തയും മോശമാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാവി പറയുന്നതില്‍ പുതുമയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരോടും പറയുന്നത് ഒന്നുമാത്രം “വിശപ്പടക്കാന്‍ കാട്ടില്‍ പണിക്കുപോകുമ്പോള്‍, വിശന്നിരിക്കുന്ന കാട്ടു മൃഗങ്ങളെ സൂക്ഷിക്കുക”. കാടും കാട്ടുമൃഗങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു, നാടും നാട്ടുകാരും കൂടികൊണ്ടിരിക്കുന്നു. “കാട്ടിലേയും നാട്ടിലേയും ജീവികള്‍ക്ക് വിശപ്പ് ഒരുപോലെയാണല്ലോ,സൂക്ഷിച്ചാല്‍ ദുഖികേണ്ട”. അവരുടെ അനുഭവത്തില്‍ നിന്നുമാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്.

ഇന്നുകാണുന്ന കെട്ടുകാഴ്ചകളും,  അതൊക്കെ കാണാനുള്ള കറണ്ടും, അനാവശ്യ വികസനവും അന്ന് ഇവിടേക്ക് എത്തിയിട്ടില്ല. കാട്ടുതീ ബാക്കി വച്ച ജീവികളില്‍ വിശപ്പ്‌ ആളിക്കത്തി. നാട്ടിലേക്ക് ഇറങ്ങിയ കടുവ ഇരയാക്കിയ ആണ്‍കുട്ടിക്ക് നാല് വയസ് ആയിരുന്നു. ആ കുട്ടിയുടെ കൈരേഖ പോലും ബാക്കി വെക്കാതെ കാടു കയറിയ കടുവക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. അതുവരെ സ്വന്തം മകന്‍റെ കൈരേഖ നോക്കാന്‍ മറന്ന കാക്കാത്തിക്ക് പിന്നീട് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. സ്വന്തം കൈയില്‍ വരച്ച പുത്ര ദുഃഖം അന്നാണ് അവര്‍ക്ക് വ്യക്തമായത്. 

    അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍ മനസ്സിലുറച്ച മകന്‍റെ ഓര്‍മ്മകള്‍ കാക്കാത്തിയെ പൂട്ടിയിട്ടു. നേരത്തെ എത്തുന്ന  പ്രകാശ രശ്മികള്‍ കാടിറങ്ങി വരുന്ന ഇരുട്ടിനെ പേടിച്ച് ഒളിക്കും. സ്ഥിരം കാഴ്ച്ചകളെ മനസ്സിന് മടുത്തു തുടങ്ങിയപ്പോള്‍, കാക്കാത്തിയും കുടുംബവും ആ നാട് വിട്ടു. പിന്നീട് കാലങ്ങളോളം നഗരവാസികളുടെ ഭാവി പറഞ്ഞു നടന്നു. എപ്പോഴോ ഒറ്റപെട്ടു. അവരെ വീണ്ടും പഴയ നാട്ടിലേക്ക് എത്തിച്ചത് ഈ ഒറ്റപെടല്‍ തന്നെ ആയിരിക്കും. ചരട് ജപിച്ചുകെട്ടിയും, വഴിപാടുകള്‍ നടത്തിയും, ഭാവിപറഞ്ഞും, കഷ്ടപാടുകള്‍ക്കൊപ്പം അവര്‍ അങ്ങിനെ ജീവിച്ചു പോകുന്നു.

    “വെള്ളവും, വെളിച്ചവും” പദ്ധതിയുടെ ഭാഗമായി ആദിവാസികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കറണ്ട് ഇക്കാലമത്രയും മുതലാളിമാര്‍ അവരുടേതാക്കി. സ്വന്തം കുടിലിനുള്ളില്‍ വെളിച്ചം കാണാനുള്ള ഭാഗ്യം ആദിവാസികള്‍ക്ക് കിട്ടിയത് ഈ അടുത്ത കാലത്താണ്.വേനല്‍കാലത്തൊഴികെ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇപ്പോഴും കിട്ടുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടുന്നതനുസരിച്ച് ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു. പറയേണ്ടവരോടു പറഞ്ഞും, കാണേണ്ടവരെ കണ്ടും മടുത്ത ആദിവാസികള്‍ക്ക് ഒരളവുവരെ ആശ്വാസം നല്‍കുന്നത് തമ്മില്‍ മത്സരം നടത്തുന്ന ടെലിവിഷന്‍ ചാനലുകള്‍ ആണ്. സ്വയരക്ഷ ഏറ്റെടുത്ത നാട്ടുകാര്‍ കൃത്യമായി കൂലി ലഭിക്കാറില്ലങ്കിലും തേയിലത്തോട്ടങ്ങളിലേക്കും, കാടിനുള്ളിലേക്കും കൂട്ടംകൂടിയാണ് പണിക്കുപോകുന്നത്. ചിലപ്പോള്‍ ലഭിചേക്കാവുന്ന കൂലി വാങ്ങുന്നതിനും, കൂലി കിട്ടുകയാണെങ്കില്‍ നിത്യോപയോഗ വസ്തുക്കള്‍ വാങ്ങുവാനും അവര്‍ കവലയില്‍ ഒത്തുകൂടും. ഇരുട്ടുന്നതിന് മുന്‍പേ സര്‍ക്കാര്‍ അനുവദിച്ച ടെലിവിഷനെ ഒറ്റപെടുത്തി വീടുകളിലേക്ക് തിരിച്ചു പോകും.

    ഇന്ന് പട്ടണത്തിലെപ്പോലെ ആദിവാസികളുടെ ഇടയിലും മക്കളെ നോക്കുന്ന അമ്മമാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് വഴക്ക് പറയുന്നതിന് കാക്കാത്തി യാതൊരു കുറവും വരുത്താറില്ല. അതുകൊണ്ടായിരിക്കാം സ്വന്തം ജീവനേക്കാള്‍ മക്കളെ സ്നേഹിക്കുന്ന മാരിയമ്മയോട് കാക്കാത്തിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായത്. മാരിയമ്മ പറഞ്ഞില്ലങ്കിലും എല്ലാമാസവും അവരുടെ കുട്ടികള്‍ക്കുവേണ്ടി കാക്കാത്തി വഴിപാടുകള്‍ നടത്താറുണ്ട്. കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ നടത്താറില്ലങ്കിലും അവര്‍ക്കിടയില്‍ സ്നേഹക്കുറവുണ്ടായിരുന്നില്ല.  
     
പകല്‍ വെളിച്ചം വഴി കാണിക്കുന്നതിന് മുന്നേ മാരിയമ്മ ചുറ്റുവട്ടത്തുള്ള ആളുകളേയും കൂട്ടി അന്നും കുട്ടികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച  പോഷകാഹാരങ്ങള്‍ വാങ്ങുവാന്‍ കവലയില്‍ വന്നു നിന്നു. വെയില്‍ കൂടുന്നതനുസരിച്ച് ആളുകളും കൂടിതുടങ്ങി. ഇന്നും എത്തിയിട്ടില്ല എന്ന സ്ഥിരം ഉത്തരവുമായി നടന്നടുക്കുന്ന വിതരണക്കാരന്‍. കട തുറക്കുംമുന്നേ കൂടിനിന്നവര്‍ പിരിഞ്ഞുപോയി. കവലയിലെ ടെലിവിഷനില്‍ വിജയകരമായി സര്‍ക്കാര്‍ നടത്തിവരുന്ന പോഷകാഹാര വിതരണ പരുപാടിയായ ”ആരോഗ്യ കേരളം ഐശ്വര്യ കേരളം” ചായക്കടക്കുമുന്നില്‍ കേട്ടുനിന്നവര്‍ ചൂട് ചായ ഊതി ഊതി കുടിച്ചു. 

അതുവഴി വന്ന കാക്കാത്തി നടന്നടുക്കുന്ന മാരിയമ്മയെ നോക്കി പറഞ്ഞു “നിന്‍റെ വിഷമങ്ങള്‍ ഒക്കെ തീരും, വീടുവെക്കും, ജോലി കിട്ടും, കുടുംബം നന്നാവും” ആകെ തരിച്ചുനിന്ന മാരിയമ്മ മനസ്സറിഞ്ഞു ചിരിച്ചു. “ജോലിയും വീടും ഒന്നുംവേണ്ട കുട്ടികളുടെ ഭക്ഷണം കിട്ടിയാമതി” കാക്കാത്തിയുടെ കൈ ചേര്‍ത്ത്‌ പിടിച്ച് അവര്‍ പറഞ്ഞു. ഒന്നും മിണ്ടാതെ തലയാട്ടി മെല്ലെ മുന്നോട്ടു നടന്ന കാക്കാത്തി തിരിഞ്ഞുനോക്കി, പതിയേ വീശുന്ന തണുത്ത കാറ്റിനെ കൂട്ടുപിടിച്ച് വെയില്‍ വീണ വഴിയിലൂടെ നടന്നകലുന്ന മാരിയമ്മ.

ചെറിയ പൂജകളും,പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് കവലയില്‍ എത്തിയ കാക്കാത്തി ആരോടും സംസാരിക്കുന്നുണ്ടായിരുന്നില്ല. വീശി അടിച്ച കാറ്റിനു പുറകെ എത്തിയ കറുത്ത മേഘങ്ങള്‍ മഴക്കായി വഴിയൊരുക്കി. കാലംതെറ്റി പെയ്ത മഴ തെളിവുകള്‍ ബാക്കിനിര്‍ത്തി യാത്രയായി. അലറിക്കൊണ്ട്‌ ഓടിയടുക്കുന്ന ആളുകളെ കാരണമറിയാത്തവര്‍ ആകാംഷയോടെ നോക്കിനിന്നു. കാര്യം അറിഞ്ഞവരും അറിയാത്തവരും  അങ്ങോട്ടും ഇങ്ങോട്ടും ഓടി. വിവരങ്ങള്‍ അറിയാനായി ഓടുന്ന മുഖങ്ങളെ മാറി മാറി നോക്കുന്ന കാക്കാത്തി. എല്ലാത്തിനും സാക്ഷിയായി എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ടെലിവിഷന്‍.

ചാനലുകാരുടെ വരവോടെ സ്ഥിതിഗതികള്‍ ആകെ മാറി. അവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍വേണ്ടി മത്സരിക്കുന്ന നാട്ടുകാരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായില്ല. “ഒരാളെ കടുവ കൊണ്ടുപോയി, കരച്ചിലും കേട്ടു” ഒരാളുടെ വിവരണം അവസാനിച്ചു. അടുത്തയാള്‍ പറഞ്ഞു “ കുറേ ദൂരെനിന്നാ കണ്ടേ, ഒരു പെണ്ണാ, ആരാന്നു മനസിലായില്ല”. അവരുടെ ഇടയിലും അന്വേഷണം നടക്കുന്നുണ്ടായിരുന്നു മരിച്ച ആള്‍ക്കുവേണ്ടി. നാട്ടുകാരുടെ പ്രക്ഷോഭം അതിരുകടന്നപ്പോള്‍ പലനിറത്തില്‍ പറിപാറന്ന കൊടികള്‍ ഒന്നായി മണ്ണില്‍ പിണഞ്ഞു കിടന്നു. സ്മാരകങ്ങളും, പൊതുവിതരണ കേന്ദ്രവും അടിച്ചു തകര്‍ത്തു, ആവേശം ആളികത്തിയ ചാനലുകാര്‍ നാട്ടുകാര്‍ക്ക് പുറകേ ഓടി.

സ്വന്തം നാടിന്‍റെ അവസ്ഥ ടെലിവിഷനില്‍ കണ്ടുനിന്ന കാക്കാത്തി കവലയില്‍നിന്നും പതിയേ നടന്നു തുടങ്ങി. ഒറ്റക്കായ സര്‍ക്കാര്‍ ടെലിവിഷനില്‍നിന്നും പരിചിതനായ മന്ത്രിയുടെ വാര്‍ത്ത   സമ്മേളനം ഉറക്കേ കേള്‍ക്കുന്നുണ്ടായിരുന്നു “ ഇന്ന് കടുവയുടെ ആക്രമണത്തില്‍ മരിച്ച സ്ത്രിക്ക് സര്‍ക്കാര്‍ ചിലവില്‍ അടച്ചുറപ്പുള്ള വീട് പണിതുനല്‍കും, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി, കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ വിദ്യാഭ്യാസം”. നടന്നകലുന്ന കാക്കാത്തിക്കൊപ്പം എത്താനാകാതെ ടെലിവിഷന്‍റെ   ശബ്ദം പാതിവഴിയില്‍ കിതച്ചു നിന്നു.

മാരിയമ്മയുടെ കുട്ടികള്‍ക്കു വേണ്ടി ജപിച്ച ചരടുകള്‍ മടിക്കുത്തില്‍ അടക്കിപിടിച്ച് ആരുമില്ലാത്ത വഴിയിലൂടെ കാക്കാത്തി നടന്നു. മാരിയമ്മ ഇല്ലാത്ത വീട്ടിലേക്ക്



                               കെ.എന്‍.സരസ്വതി
[Soney Naraynan]