Monday 20 June 2016

പോരാളി


പോരാളി 

    പൊങ്ങിയും താണും വരി വരിയായി നില്‍ക്കുന്ന മലനിരകള്‍ പോലെ വിജയ പരാജയങ്ങള്‍ വന്നു പോയികൊണ്ടേയിരിക്കും. വിജയങ്ങളിലേക്ക് നടന്നു കയറുന്നവര്‍ പരാജയങ്ങള്‍ മറക്കില്ല. നമ്മള്‍ എടക്കുന്ന തീരുമാങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള തന്‍റെടം മറ്റുള്ളവരുടെ ദ്രിഷ്ടിയില്‍ ഒരു ബാധ്യത ആയിത്തീരാരുണ്ട്. ഇത്തരം സന്തര്‍ഭങ്ങളെ നേരിടുന്നത് ഓര്‍മ്മയില്‍ സുക്ഷിക്കുന്ന ഒരു “ശബ്ദം” കൊണ്ടാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അതിശയിച്ചുപോയി. നമ്മളെ പരാജയങ്ങളില്‍ നിന്നും ഉണര്‍ത്താന്‍ കേവലം ഒരു ശബ്ദത്തിന് പറ്റുമോ?. അതിശയം!!!

   ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരിക്കും ഞങ്ങള്‍ തമ്മില്‍ കാണുന്നത്. സംഭാഷണങ്ങളുടെ ആരംഭം പതിവുപോലെ പഴയ പരിചയക്കാരെ തിരക്കികൊണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു   മുന്‍പുള്ള ഓര്‍മകളിലേക്ക് യാത്രയായ ഞങ്ങള്‍ക്കു വേണ്ടി ഇന്നത്തെ സായാഹ്നത്തിന്‍റെ തിരക്കുകള്‍ കാത്തുനിന്നു.

 മാര്‍ക്കറ്റിംഗ് ജീവിതത്തിന്‍റെ മടുപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിച്ചുകൊണ്ടിരുന്ന സമയം. അതേ അവസ്ഥയില്‍ അകപ്പെട്ട ഒത്തിരിപേര്‍ ഒത്തുകൂടുന്ന ഒരു പതിവുസ്ഥലം. നഗരമധ്യത്തില്‍ അത്തരമൊരിടം ഒരുക്കിത്തന്ന നഗര പിതാവിന് നന്ദി പറയാറുണ്ട് ആ “എക്സിക്യുട്ടീവ് കോര്‍ണറില്‍” എത്തിപെടുന്ന ഓരോ എക്സിക്യുട്ടീവും. ഒട്ടുമിക്ക കമ്പനികളുടെ അണിയറ വര്‍ത്തമാനങ്ങള്‍ അവിടെ സംസാരവിഷയം ആകാറുണ്ട്.

  വ്യക്തമായി ഓര്‍ക്കുന്നുണ്ട് ഞങളുടെ സുഹ്രത്ത് നിയാസിന്‍റെ ഒപ്പമാണ് അവന്‍ ആദ്യമായി അവിടെ എത്തിയത്. “ജീവിക്കാന്‍ വേണ്ടി പ്രാണന്‍ തുടിക്കുന്ന ആശയങ്ങളെ ഉള്ളില്‍ അടക്കി, ജീവനില്ലാത്ത വസ്തുക്കള്‍ വില്‍ക്കാന്‍ നടക്കുന്ന ഒരു സാധാരണക്കാരന്‍”. ഇങ്ങിനെ ആയിരുന്നു അവന്‍റെ സ്വയം പരിചയപെടുത്തല്‍. ഒന്നുംമിണ്ടാതെനിന്ന ഞങളെ നോക്കി അവന്‍ വീണ്ടും പറഞ്ഞു “ ചെയ്യുന്ന പണിക്കുള്ള കൂലി കിട്ടാത്തതുകൊണ്ട്, കിട്ടുന്ന കൂലിക്കുള്ള പണി ചെയ്യുന്നവന്‍ എന്നും പറയും”. ചുറ്റുപാടുകള്‍ നല്ലപോലെ നിരീക്ഷിക്കുന്ന അവന്‍ വളരെ പെട്ടന്നുതന്നെ എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി.

  മാനസീക പീഡനം അനുഭവിക്കേണ്ടിവരുന്ന ഒരു ദിവസം എല്ലാ മാസവും ഉണ്ടാവും. അതുകൊണ്ടുതന്നെ ആദ്യത്തെ ആഴ്ച സംഘര്‍ഷം നിറഞ്ഞതാണ്‌. മീറ്റിങ്ങ് പ്രഹസനങ്ങള്‍ക്കു നടുവില്‍ പ്രതികരണ ശേഷി നഷ്ടപെട്ടവനെപ്പോലെ മുന്നിലിരിക്കുന്നവന്‍റെ വഴക്കുകേള്‍ക്കാന്‍ മാനസികമായി തയ്യാറെടുക്കുന്ന ദിവസം. അത് ആദ്യ ആഴ്ച്ചയില്‍ തന്നെ ആയിരിക്കും. അതുകഴിഞ്ഞുള്ള ദിവസങ്ങള്‍ ഞങളുടെ സ്ഥിരം വേദി മീറ്റിങ്ങ് അനുഭവങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍ കൊണ്ടുനിറയും. മീറ്റിംഗ് ദിവസം അനുഭവിച്ച  വ്യക്തിഹത്യ ആരും പറയാറില്ലങ്കിലും അത് അപ്പോഴും മനസ്സിന്‍റെ വേദനയായി  അവിടെ ഒക്കെ തന്നെ കാണും.

 എല്ലാവരും അവരുടെ മീറ്റിങ്ങ് അനുഭവങ്ങള്‍ വാശിയോടെ പറയുന്നതിനിടയില്‍ അവിടെ മാറിനിക്കുകയായിരുന്ന അവന്‍ ഉറക്കെ പറഞ്ഞു “ ഇഷ്ടപ്പെട്ട സ്ഥലത്ത് സ്വന്തം വീട് പണിയുന്നത് വരെ, എത്തിപെടുന്ന വീടുകള്‍ക്ക് അപരിചിതര്‍ ആണ് നമ്മള്‍. ആ വീടിന്‍റെ അവകാശിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു നായയും ഉണ്ടാകും. യജമാനെ ഒഴിച്ച് ആരെകണ്ടാലും ആ നായ കുരച്ചുകൊണ്ടേയിരിക്കും”. ഒന്നും മനസിലാവാതെ നിന്ന ഞങ്ങളെ നോക്കി ഒരു വിശദീകരണം എന്നരീതിയില്‍ അവന്‍ പറഞ്ഞുതുടങ്ങി.

  “എത്തിപെടുന്ന വീട്,... നമ്മള്‍ ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനം”
  “അപരിചിതര്‍,... നമ്മള്‍”
  “കുരയ്ക്കുന്ന നായ,... ജനറല്‍ മാനേജര്‍, മാനേജര്‍.. ആതിയായവര്‍”
  “ഇതിലൊന്നും വലിയ കാര്യമില്ല ഭായ്, കുരക്കുന്നവര്‍ കുരക്കട്ടെ,     വാങ്ങുന്ന കാശിനുള്ള പണി എടുത്താല്‍ മനസമാധാനം നമുക്ക് സ്വന്തം”.

   അവന്‍റെ കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന സ്വീറ്റ്സ് ബോക്സ്‌ തുറന്ന് എല്ലാവര്‍ക്കുമായി വീതിച്ചുകൊടുത്തു. “ഈ പണി നിര്‍ത്താന്‍ സമയമായി എന്ന് തോന്നുന്നു, ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കാന്‍ വല്ലാത്ത ഒരാഗ്രഹം”. കേട്ടുകൊണ്ടിരുന്ന എല്ലാവരും ഒരുപോലെ ചോദിച്ചു “ അപ്പോ നീ പണി നിര്‍ത്തിയോ”. ഉത്തരം പെട്ടന്നായിരുന്നു “ഏയ് ഇല്ലാ, ഇത് കഴിഞ്ഞ മാസത്തെ ഇന്‍സെന്‍റെീവിന്‍റെ ചിലവാണ്‌”. അന്ന് അവന്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചും നടന്ന സംസാരങ്ങള്‍ക്കൊടുവില്‍ പതിവുപോലെ എല്ലാവരും പിരിഞ്ഞു. എടുത്തുപറയത്തക്ക മാറ്റങ്ങള്‍ ഇല്ലാതെ ജീവിതം മുന്നോട്ട്. 

  മുന്നില്‍ ഓടികൊണ്ടിരിക്കുന്ന സമയത്തെ  ഇതുവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്തതുകൊണ്ട് പിറകെഓടി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിരിക്കുന്നു.

  ഓര്‍ത്തെടുത്ത കാര്യങ്ങളെക്കാള്‍ ഇനിയും ഓര്‍ക്കാനുണ്ട് എന്ന് അറിയാമായിരുന്നിട്ടും, കാത്തുനിന്ന ഇന്നത്തെ തിരക്കുകള്‍ അതിനുള്ള അനുവാദം തന്നില്ല. അറിയാന്‍ ആഗ്രഹിച്ച “ശബ്ദ”ത്തിന്‍റെ കഥ പറയാന്‍ അവനും ചോദിക്കാന്‍ ഞാനും മറന്നു എന്ന് ഓര്‍ക്കുന്നത് കുറച്ച് നടന്നുകഴിഞ്ഞപ്പോഴാണ്. നടന്നകലുന്ന അവനെ ഉറക്കെ വിളിക്കാം എന്നുകരുതി തിരിഞ്ഞുനോക്കി. പക്ഷേ അവന്‍ കുറച്ചുമാറി ആരോടോ സംസാരിച്ചു നില്‍ക്കുനുണ്ടായിരുന്നു. ഞാന്‍ അങ്ങോട്‌ നടന്നു ആ ശബ്ദത്തെക്കുറിച്ച് അറിയാന്‍.

   “ഓ ശബ്ദത്തിന്‍റെ കഥ പറയാന്‍ മറന്നല്ലേ”. അടുത്തെത്തിയപ്പോള്‍ തന്നെ അവന്‍ എന്നോട് ചോദിച്ചു. “അതെ” എന്‍റെ മറുപടിക്കൊപ്പം അവന്‍ പറഞ്ഞുതുടങ്ങി.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ്.... ഒരു ജൂണ്‍മാസം നടന്ന മീറ്റിംഗ്. എന്നോട് കമ്പനി ആവശ്യപെട്ടതില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കിയ മാസമായിരുന്നു അത്, ആ സന്തോഷം പ്രകടമാക്കിതന്നെയാണ് അന്ന് അവിടെ എത്തിയതും. നാല്മാസoകൊണ്ട് കൃത്യമായി പൂര്‍ത്തിയാക്കിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മാനേജരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുത്തലുകള്‍ നടത്തുവാന്‍ വേണ്ടി അവിടെനിന്നും എന്നെ ഇറക്കിവിട്ടു. തിരുത്തേണ്ട പേപ്പറുകളുടെ ഫോട്ടോകോപ്പി ആവശ്യമായതിനാല്‍ വേഗത്തില്‍ പുറത്തേക്കിറങ്ങി. ചെയ്യാത്ത തെറ്റുകള്‍ക്ക് കേള്‍ക്കേണ്ടിവന്ന വഴക്കിനൊപ്പം കത്തി കയറുന്ന ഉച്ചവെയിലിനെ പേടിച്ച് വറ്റി പോകുന്ന കണ്ണുനീരിനെപറ്റി ഞാന്‍ അറിയുന്നുണ്ടായിരുന്നു.

മുന്നിലെ കാഴ്ച്ചകള്‍ മങ്ങിയിരുന്ന അതേ വെയിലിലൂടെ മുന്നോട്ട് നടന്നപ്പോഴാണ് ഞാന്‍ ആദ്യമായി ആ “ശബ്ദം” കേള്‍ക്കുന്നത്. അടുക്കുംതോറും ശബ്ദവും കാഴ്ചയും വ്യക്തമാവുകയാണ്. "ഇമ വെട്ടാത്ത അവന്‍റെ കണ്ണുകള്‍ക്ക്‌ തിളക്കക്കൂടുതല്‍ അനുഭവപെട്ടു. മങ്ങിതുടങ്ങിയ ചുവന്ന കയറിന്‍റെ അറ്റത്തായി വെള്ളിപൂശിയ ചെറിയ മണി ആടികൊണ്ടിരുന്നു. മേലോട്ട് ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പുകളില്‍ വ്യത്മായികാണാമായിരുന്നു അവന്‍റെ അന്തസ്സ്. കത്തുന്ന വെയിലിനെ തോല്‍പ്പിക്കും വിതം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ആ കാളക്കൂറ്റന്‍റെ കറുത്ത ദേഹം".

   ആ മിണ്ടാപ്രാണിക്ക് ചുമക്കാന്‍ കഴിയുന്നതിലും പത്തിരട്ടി ഭാരം വലിപ്പിക്കാന്‍ ശ്രമിക്കുന്ന വണ്ടിക്കാരന്‍. കാളക്കൂറ്റന്‍റെ പുറത്ത് വീഴുന്ന ചാട്ടവാറിന്‍റെ “ശബ്ദം” അടുത്തെത്താറായപ്പോഴെക്കും എന്‍റെ   മനസ്സിന്‍റെ വേദനയായി മാറി. ആ ശബ്ദത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങി, ചാട്ടവാര്‍ ഉയര്‍ത്തി ആഞ്ഞടിക്കുന്ന വണ്ടിക്കാരന്‍റെ കൈകള്‍ തളരുന്നതായി തോന്നിച്ചു. പൂര്‍ണ്ണമായും തളര്‍ന്ന വണ്ടിക്കാരന്‍ കാളയുടെ മുന്നില്‍ മുട്ടുകുത്തിയിരുന്നു.

  ഒരിഞ്ചുപോലും നീങ്ങാതെ,ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ കാളക്കൂറ്റന്‍ അവിടെത്തന്നെ നില്‍ക്കുണ്ടായിരുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന ആ കറുത്ത പോരാളി ഉറക്കെ പറയുന്നുണ്ടായിരുന്നു “എന്‍റെ ആഗ്രഹങ്ങളാണ് എന്‍റെ തീരുമാനങ്ങള്‍, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്”.

  മിണ്ടാപ്രാണിയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ മുട്ടുകുത്തിയ വണ്ടിക്കാരന്‍ പിച്ചുംപേയും പറയുന്നുണ്ടായിരുന്നു, ഞങ്ങളുടെ ജനറല്‍മാനേജറെപ്പോലെ. കൂടുതലൊന്നും ആലോചിക്കാതെ കൈയില്‍ ഇരുന്ന പേപ്പറുകള്‍ ആകാശത്തേക്കെറിഞ്ഞു. സ്വാതന്ത്ര്യംകിട്ടിയ പേപ്പറുകള്‍ കാറ്റിനൊപ്പം പാറിപ്പറന്നു. അത്രയുംകാലം എന്നെ  വരിഞ്ഞുമുറുക്കിയ കെട്ടുപാടുകളെ ഞാനും പൊട്ടിച്ചെറിഞ്ഞു. നിലത്തുകിടന്ന ചാട്ടവാര്‍ ഉയര്‍ത്തി മുട്ടുകുത്തിയ വണ്ടിക്കാരനെ ആഞ്ഞടിച്ചു, അയാളുടെ അലര്‍ച്ച എന്‍റെ കാതുകള്‍ക്ക് ആഘോഷമായി. വണ്ടിയില്‍നിന്നും പകുതിയിലധികം ഭാരമിറക്കിനിലത്തുവെച്ച്, കാളക്കൂറ്റനെ തണലിലേക്ക് മാറ്റി നിര്‍ത്തി.

  എതിര്‍ത്തുനിന്ന ഉച്ചവെയിലിനെ കടന്ന് വളരെ വേഗത്തില്‍ ഞാന്‍ ഓഫീസില്‍ എത്തി. വെറും കൈയോടെ മീറ്റിംഗ്ഹാളിലേക്ക് കടന്നുചെല്ലുന്ന എന്നെ സഹപ്രവര്‍ത്തകര്‍ അംബരപ്പോടെയാണ് കാണുന്നത്, എല്ലാവരേയും നോക്കി ചിരിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത് “ ഇന്നുമുതല്‍ ഈ കമ്പനിയുടെ ഭാഗമാകാന്‍ ഞാന്‍ തയ്യാറല്ല. സന്തോഷത്തോടെ എല്ലാവരോടുമായി യാത്ര പറയുന്നു”. ജനറല്‍മാനേജറുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു “Mr.നിങ്ങള്‍ അല്ലാ അത് തീരുമാനിക്കേണ്ടത്, എന്തുവേണമെന്ന് ഞാന്‍ പറയും”. അയാളുടെ വാക്കുകള്‍ വളരെ ദയനീയമായി തോന്നി, ഞാന്‍ ചിരിച്ചു. തല ഉയര്‍ത്തി വീണ്ടും ചിരിച്ചു. “നിങ്ങള്‍ ഈ കമ്പനിയുടെ മാത്രം ജനറല്‍ മാനേജറാണെന്ന് ഓര്‍ക്കുക, എന്‍റെ തിരിച്ചറിവുകളാണ് എന്‍റെ തീരുമാങ്ങള്‍, അവിടെ ഞാന്‍ തന്നെയാണ് രാജാവ്.”

  കീഴ്ജീവനക്കാരുടെ മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ഇയാളും, കാളയുടെ മുന്നില്‍ മുട്ടുകുത്തിയ ആയാളും ഒരച്ചില്‍ വാര്‍ത്ത രൂപങ്ങളായി തോന്നി. അന്ന് കമ്പനിക്ക്‌ പുറത്തിറങ്ങിയ ഞാന്‍ മനസ്സില്‍ തടഞ്ഞുവച്ച ആഗ്രഹങ്ങള്‍ക്ക് പിറകെ നടക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധികള്‍ പുതുവഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു, വീടുകാരും നാട്ടുകാരും നിരന്തരം പലവഴികള്‍ ഉപദേശിച്ചു. തീരുമാനമെടുക്കേണ്ട ഞാന്‍ കണ്ണടച്ചു. ഇരുട്ടുകയറിയ മനസ്സില്‍ തെളിഞ്ഞുവന്ന ആദ്യ കാഴ്ച്ച, കത്തിക്കയറിയ ഉച്ചവെയിലിനൊപ്പം  വണ്ടിക്കാരനേയും തോല്‍പ്പിച്ച്, തല ഉയര്‍ത്തിനില്‍ക്കുന്ന സ്വന്തം തീരുമാനങ്ങളുടെ രാജാവായ കാളക്കൂറ്റനെയാണ്. കാതടപ്പിച്ച ചാട്ടവാറിന്‍റെ “ശബ്ദം” എനിക്കുചുറ്റും ഉയര്‍ന്ന ഉപദേശങ്ങളെ ആട്ടിപ്പായിച്ചു. കൂടുതല്‍ പ്രതിസന്ധികളെ അതിയായ ആഗ്രഹത്തോടെ ഏറ്റെടുക്കുക എന്നത് ഇന്ന് ഞാന്‍ ആസ്വതിക്കുന്നു. 

എത്തിചേരേണ്ട ഉയരങ്ങളെക്കുറിച്ച് നമ്മള്‍ എല്ലാവരും സ്വപ്നം കാണാറുണ്ട്. അത്തരത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് പുറകേഓടി തളര്‍ന്ന ആയിരങ്ങളെ കണ്ടുകൊണ്ടാണ് ഞാന്‍ ഓടാന്‍ തുടങ്ങിയത്, ഇന്നും ഓടികൊണ്ടിരിക്കുന്നതും. ഉയര്‍ന്നു താഴ്ന്ന മലനിരകള്‍പോലേ വിജയ പരാജയങ്ങളെ അറിഞ്ഞും, അനുഭവിച്ചും മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്ന സത്യം, അന്ന് എന്നില്‍ ആത്മവിശ്വാസം ജ്വലിപ്പിച്ച ആ “ശബ്ദം” ഒന്നുമാത്രമാണ്. “ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, എന്‍റെ ആഗ്രഹങ്ങളിലേക്ക് അടുത്ത്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഞാന്‍ അറിഞ്ഞതും, അനുഭവിച്ചതും, ആസ്വതിച്ചതും എന്‍റെ ജീവിതമാണ്. കാതുകളില്‍ ആ “ശബ്ദം” മുഴങ്ങുന്നിടത്തോളം, ഹൃദയത്തിന്‍റെ താളം കേള്‍ക്കുന്നിടത്തോളം, എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ തന്നെയാണ് രാജാവ്.”

ശബ്ദത്തിന്‍റെ കഥ പറഞ്ഞുതീര്‍ത്ത്, വീണ്ടും കാണാം എന്ന വാക്കുമായി അവന്‍ തിരിച്ചു നടന്നു. തിരക്കുകാരണം സമയത്തിന് മുന്നേ ഓടാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തില്‍, ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വതിച്ച് മുന്നേറുന്ന ഇവനെ മറക്കേണ്ട ഒരാള്‍ അല്ല എന്ന് ഞാന്‍ ഉറപ്പിച്ചു. ഇരുട്ട് വഴി വിളക്കുകളോട് പോരാടിതുടങ്ങി. തിരക്കിനോപ്പം ഓടാന്‍ തുടങ്ങിയ ഞാന്‍ പോകുന്ന വഴി വെറുതെ ആശിച്ചു, ജീവിതം ആസ്വതിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിരുന്നെങ്കില്‍...

                                            കെ.എന്‍.സരസ്വതി

[Soney Naraynan]