Friday 13 January 2017

ശ്രദ്ധേയന്‍

ശ്രദ്ധേയന്‍ 

“വളവ് തിരിഞ്ഞകവല”. വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഇപ്പോഴും അങ്ങിനെ തന്നെയാണ് അറിയപെടുന്നത്. വളവ് തിരിയുമ്പോള്‍തന്നെ കാണുന്ന നാലും കൂടിയ ചെറിയ കവല. സാവധാനത്തിലാണെങ്കിലും മാറ്റത്തിനൊത്ത വികസനത്തേയും ആ പ്രദേശവും ഉള്‍കൊണ്ടിരുന്നു. പുറത്തുനിന്നും വരുന്നവര്‍ക്ക് വലിയ ആര്‍ഭാടകാഴ്ചകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല. ഒന്നുറപ്പാണ് അവിടെനിന്നും തിരിക്കുംമ്പോള്‍ പഴമയുടെ ഓര്‍മ്മകളും അവെര്‍ക്കൊപ്പം കൂടും, കാണാന്‍ ഇഷ്ടപെടുന്ന സ്വപ്നം പോലെ. ചിലപ്പോള്‍ ഈവാക്കുകള്‍ സ്വന്തം നാടിനെക്കുറിച്ചുള്ള എന്‍റെ പൊങ്ങച്ചവുമാവാം.

പതിവില്ലാത്ത ഒരാള്‍ക്കുട്ടം കവലയില്‍നിന്ന് വളവും തിരിഞ്ഞ് ഇങ്ങ്എത്തിയിരിക്കുന്നു. അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുമാത്രമേ ഇത്തരത്തിലുള്ള ആള്‍ക്കുട്ടത്തെ  സാധാരണ കാണുക. കടന്നു ചെല്ലുംതോറും എന്നെ അത്ഭുതപെടുത്തിയത് തിക്കും തിരക്കും കൂട്ടാതെ, ബഹളങ്ങള്‍ ഉണ്ടാക്കാതെ വരി വരിയായി നില്‍ക്കുന്ന നാട്ടുകാര്‍. വ്യക്തമാവാത്തതരത്തില്‍ തിരിച്ചുവരുന്നവരുടെ ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങളും, മുഖങ്ങളിലെ സന്തോഷവും എന്നെ അത്ഭുതപെടുത്തി. ആ ആകാംക്ഷ മുന്നോട്ടുനടത്തി.

സന്തോഷവും അത്ഭുതവും ഒന്നിച്ചെത്തിയ കാഴ്ച. മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ അവന്‍ ആ നാട്ടിലെ മുഴവന്‍ആളുകളെയും കാല്‍കീഴില്‍ നിര്‍ത്തിയപോലെതോന്നി. എന്നും അങ്ങിനെതന്നെയാണ് ആള്‍ക്കുട്ടത്തിനിടയില്‍ അവന്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടേയിരിക്കും. ചുറ്റും പായലുള്ള കുളത്തിലെ താമരപോലെ, നക്ഷത്രങ്ങള്‍ക്കു നടുവിലെ ചന്ദ്രനെപ്പോലെ, അരങ്ങിലെ ആട്ട വിളക്കു പോലെ അവന്‍ അങ്ങിനെ എല്ലായിടത്തും തെളിഞ്ഞുനില്‍ക്കും.

വാക്കിംഗ് സ്റ്റിക് പലതരത്തിലുണ്ട്. ലക്ഷങ്ങള്‍ വിലവരുന്നവ പട്ടണത്തിലെ വിപണികളില്‍നിന്നും ലഭിക്കും. ചെറിയ മരകുറ്റികളും, കനമുള്ള ഉണങ്ങിയ കമ്പുകളുമാണ് നാട്ടിന്‍പുറത്തെ വാക്കിംഗ് സ്റ്റിക്കുകള്‍, കടകളില്‍ കിട്ടാത്തതുകൊണ്ട് കുത്തുവടി, ഊന്നുവടി എന്നൊക്കെയാണ് ഞങ്ങള്‍ പറയാറ്. ആദ്യമായി അത്തരത്തിലൊരു ഊന്നുവടിയുടെ സൗന്തര്യം ഞാന്‍ ഉള്‍പെടെയുള്ള നാട്ടുകാര്‍ ആസ്വദിച്ചു. നമുക്ക് സമ്മതിക്കേണ്ടിവരും ആ വടി ഈ ഭുമിയില്‍ സൃഷ്ടിക്കപെട്ടത് അവനുവേണ്ടിമാത്രമാണെന്ന്.    

ഇളം മഞ്ഞനിറത്തില്‍ നല്ലപോലെ ഉണങ്ങിയ കല്ലന്‍മുളയുടെ ഏഴു മുട്ടുകള്‍ഉള്ള ഒത്ത ഒരു വടി. മുകളിലെ മുട്ടിനെ രണ്ടായി ഭാഗിച്ച് മുകള്‍ ഭാഗത്ത്‌ കാവി കയറുകൊണ്ടും കീഴ് ഭാഗത്ത്‌ പച്ച കയറുകൊണ്ടും ഭംഗിയായി കെട്ടിയിരിക്കുന്നു. നടുക്ക് കനം കുറഞ്ഞ വെള്ള നുലുകള്‍ കെട്ടിയിരിക്കുന്നു. അതിന്‍റെ ഒത്ത നടുക്കായി എല്ലാവരെയും മോഹിപ്പിച്ചുകൊണ്ട്‌ വെള്ളി കെട്ടിച്ച വലിയ ഒരു രുദ്രാക്ഷം, അവന്‍റെ വാക്കുകള്‍ക്കനുസരിച്ച് തലയാട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവരും ആകാംക്ഷയോടെ കാണാന്‍ എത്തിയത് അവനെയാണ്‌, അവന്‍ ഞങ്ങളുടെ സ്വന്തം “ശ്രദ്ധേയന്‍”.

ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ആ പേര് കേള്‍ക്കുന്നത്, നോര്‍ത്ത്ഇന്ത്യയില്‍നിന്നുംഎത്തിയവന്‍. നന്നായി മലയാളം പറയുന്നവന്‍. ക്ലാസ്സിലേക്ക് വരുന്നതുതന്നെ എല്ലാവരെയും അവനിലേക്ക്‌ ആകര്‍ഷിപ്പിച്ചുകൊണ്ടാണ്. മൂന്നു തരത്തില്‍ ശബ്ദം കേള്‍ക്കുന്ന ചെറിയ മൂന്നു വിസ്സിലുകള്‍ ഇടതുകൈയിലെ മൂന്നു വിരലുകളില്‍ തുക്കിയിരിക്കുന്നു. കാവി, വെള്ള, പച്ച മൂന്നു നിറത്തിലുള്ള വിസ്സിലുകളും, ശ്രദ്ധേയന്‍ ഏന്നപേരും, ആ പേരുകാരനേയും അക്കാലത്ത്‌ സ്കൂളില്‍ ഉണ്ടായിരുന്ന ആരും ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

കവലയോട് ചേര്‍ന്നുള്ള അമ്പലപറബിലെ മണ്‍തറയില്‍ ഇരുന്നാണ് സംസാരം. ഊന്നുവടിയും ആട്ടി അവിടെ ചിരിച്ചുകൊണ്ട് ആളുകളുടെ മനസ്സ് വായിച്ചുകൊണ്ടേയിരുന്ന അവന്‍ അത്ഭുതം സൃഷ്ടിക്കയായിരുന്നു. ഒരാഴ്ച തികയും മുന്നേ ശ്രദ്ധേയന്‍ എന്ന ആറാം ക്ലാസുകാരന്‍  ആ നാടുമുഴുവനും പ്രശസതനായ സംഭവമാണ് ആ ചിരി കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്. അന്ന് സദാചാര പോലീസ്സുകാരൊന്നും ജനിച്ചിട്ടില്ല. മരംവെട്ടുകാരായ ചേട്ടന്‍മാരാണ്  സ്കൂളിന് അടുത്തുള്ള കുറ്റികാട്ടില്‍ ആരും കാണാതെ ഒളിച്ചുനിന്ന അവനേയും, എല്ലാവരുടെയും സ്വപ്നമായിരുന്ന റോസ്മേരിയേയും പിടിച്ചുകൊണ്ടുവന്നത്. പറഞ്ഞറിഞ്ഞ നാട്ടുകാരും അതൊക്കെ കേട്ടറിഞ്ഞ വീടുകാരും ഒക്കെകൂടെ ആകെ ബഹളമയം. റോസ് മേരിയുടെ കയ്യിയില്‍ പിടിച്ചുകൊണ്ടുനിന്നിരുന്ന അവന്‍ എല്ലാവരെയും നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. അന്നുതന്നെ ഒത്തുതീര്‍പാക്കിയ പ്രശ്നങ്ങള്‍ പിന്നീടാരും പറഞ്ഞുകേട്ടിട്ടില്ല ഞങ്ങള്‍ സഹപാഠികള്‍ ഒഴികെ.

ഞാന്‍ മണ്‍തറയുടെ അടുത്ത് എത്താറായപ്പോഴേക്കും അവന്‍ എന്നെ കണ്ടു. അടുത്തേക്കു വരാന്‍ പറഞ്ഞത് കേട്ട് വഴിമാറിയ ആളുകള്‍ എനിക്കായി വഴിഒരുക്കി. എന്നെ നോക്കി വീണ്ടും ചിരിച്ചു, ഒരു ചോദ്യവും ചോദിച്ചു “നീ ഇപ്പോഴും ആറാം ക്ലാസ്സിലെ കാര്യങ്ങള്‍ ഒന്നും മറന്നിട്ടില്ലേ?” എന്നിട്ട് വീണ്ടും ചിരിച്ചു. തരിച്ചു നിന്ന എനിക്ക് അവനെ കെട്ടിപിടിക്കാന്‍ മാത്രമേ പറ്റിയൊള്ളു.എന്നെ അടുത്തിരുത്തി വീണ്ടും പറഞ്ഞുതുടങ്ങി, “ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഇടിഞ്ഞപ്പോള്‍ കാലൊടിഞ്ഞു, ഒപ്പമുള്ളവര്‍ ഓര്‍മ്മയായപ്പോള്‍ ഇവിടെ വരെ കൂട്ടുവന്നതാണീവടി”. എന്നെ നോക്കി ആ വടി ഒന്നുകൂടിയാട്ടി. അറിയേണ്ടതെല്ലാം അറിഞ്ഞ ഞാന്‍ അവനെനോക്കി ചിരിച്ചു.

വരി വരിയായി വന്നുകൊണ്ടിരുന്നവര്‍ അവന്‍റെ വാക്കുകളില്‍ പൂര്‍ണ്ണത്രിപ്ത്തരായി പോയിക്കൊണ്ടേയിരുന്നു. പല തരത്തിലുള്ള, വിവിധ ജീവിതശൈലികള്‍ഉള്ള ആളുകളുടെ മനസ്സ് വായിക്കുക. അവരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഉത്തരങ്ങള്‍ നല്‍കുക. ഈ  വിദ്യകള്‍ എന്നെ അത്ഭുതപെടുത്തുന്നുണ്ടായിരുന്നു. ഇതേപോലെ ടെലിവിഷന് മുന്നില്‍ അമ്പരന്നിരുന്നിട്ടുണ്ട് അഞ്ചുവര്‍ഷം മുന്‍പ്. ഞങ്ങളുടെ നാട്ടില്‍ കേബിള്‍ കണക്ഷന്‍ എത്തിയിട്ടില്ല, പട്ടണത്തിലുള്ള അമ്മാവന്‍റെ വീട്ടില്‍ പോകുമായിരുന്നു അവന്‍ പ്രശസതമാക്കിയ ചാനലിലെ പരുപാടികാണാന്‍. ഇഷ്ടപ്പെട്ട പാട്ടുകള്‍ അവതരിപ്പിക്കുന്ന പുതിയ ശൈലി ചാനലുകള്‍ക്ക് പരിചയപെടുത്തിയ അവന്‍റെ  വാക്ക്സാമര്‍ത്ഥ്യം കാണാന്‍.  

ഒന്നിലും ഒറച്ചുനില്‍ക്കാത്ത ശ്രദ്ധേയന്‍ ചാനലിലെ ആ പരുപാടിയും അവസാനിപ്പിച്ചുകൊണ്ട് വീണ്ടും നാട്ടിലെത്തി. പിന്നെ കുറച്ചുനാള്‍ കൃഷിപണി. തമാശയല്ല, ഒന്നാ൦തരം കൃഷിക്കാരന്‍. ഏഴു മാസം കൊണ്ട് നാല്പതു കൊല്ലമായി കൃഷിപണി ചെയ്തുവരുന്ന കുഞ്ഞപ്പന്‍ ചേട്ടനെയും അതിശയിപിച്ച പണിക്കാരന്‍. സൂര്യനെ നോക്കി സമയംപറയും. കാക്കകളെ ഒച്ചയുണ്ടാക്കി വിളിച്ചുവരുത്തും. ചൂളംവിളിച്ച്‌ കുളത്തിലെ മീനുകളെ കരയിലേക്ക് വരുത്തുക, പാട്ടുപാടി മൈലിനെ പീലി വിടര്‍ത്തി നൃത്തം ചെയ്യിക്കുക. പാടത്തെ മറ്റു പണിക്കര്‍ക്ക് നേരംപോക്കുകള്‍ക്ക് വേറെഒന്നും വേണ്ടിയിരുന്നില്ല.  ആദ്യത്തെ വിളവെടുപ്പിന്  മുന്‍പ് തന്നെ അതും മതിയാക്കി അവന്‍ എങ്ങോടോപോയി, എന്നത്തേയും പോലെ, ആരെയും അറിയിക്കാതെ.

“ലോകം വിരല്‍ത്തുമ്പില്‍” എന്ന പരസ്യ വാചകവുമായി അവന്‍ എത്തി നാലുമാസത്തിനുശേഷം. അങ്ങിനെ വളവ് തിരിഞ്ഞകവലയിലെ  ആദ്യത്തെ  ഇന്റര്‍നെറ്റ് കഫേ തുറന്നു. അതിനോട് ചേര്‍ന്ന് വലിയ നഗരങ്ങളിലേതിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റുന്ന ഒരു കോള്‍ സെന്‍റെര്‍. അവനെല്ലാതെ മറ്റാര്‍ക്കും അതെന്താണെന്ന്പോലും മനസ്സിലായില്ല. ആറോ, ഏഴോ വിദേശ ഭാഷകള്‍ വ്യക്തമായി കൈകാര്യംചെയ്യാന്‍ പറ്റിയിരുന്ന അവന് ആ സ്ഥാപനം ലാഭത്തിലെത്തിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവനും ഭാര്യയും പിന്നെ ഡിഗ്രീ കഴിഞ്ഞ നാല് അഞ്ച് പിള്ളേരും ആയിരുന്നു അവിടുത്തെ ജോലിക്കാര്‍. എന്‍റെ ട്രെയിനിങ്ങിന്‍റെ കാര്യങ്ങള്‍ ശരിയാക്കാനും മറ്റും നാട്ടില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നതുവരെ ഞാനും അവിടെ പോകുമായിരുന്നു.

രണ്ടുമാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവന്‍ വീണ്ടും എങ്ങോട്ടോ പോയ വാര്‍ത്തയറിഞ്ഞു. വിവരങ്ങള്‍ പറഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ പോകുന്ന അവന്‍റെ ഭാര്യയെതന്നെ ഞാന്‍ നോക്കിനിന്നു. ഇതുപോലെ തന്നെയാണ് ഈ പെണ്‍കുട്ടി ഞങ്ങളുടെ നാട്ടിലേക്കെത്തിയതും. പെണ്ണുകാണാന്‍ പോയ ദിവസംതന്നെ അവന്‍റെ കൂടെ ഇറങ്ങിവന്ന അവള്‍ അന്നുമുതല്‍  പ്രശസ്തയാണ്. നാട്ടിലെ  പ്രധാന വര്‍ത്തമാനം ഈ പെണ്ണുകാണല്‍ ഒളിച്ചോട്ടമായിരുന്നു. ഒന്നാം വിവാഹ വാര്‍ഷികത്തിന് നാട്ടുകാര്‍ക്ക്  സദ്യ കൊടുക്കുന്നതുവരെ. വന്ന അന്നുമുതല്‍ ഇന്നുവരെ ഈ പെണ്‍കുട്ടിയില്‍ സന്തോഷമല്ലാതെ മറ്റൊരു ഭാവവും ഞാന്‍ കണ്ടിട്ടില്ല. ഇനി അവനോട് ചോദിക്കേണ്ടത്‌ സംശയങ്ങളാണോ അതോ ചോദ്യങ്ങളാണോ.

ശ്രദ്ധേയന്‍ എന്നെ മുട്ടിവിളിച്ചു, അവനെ കാണാന്‍ നിന്നവരുടെ കൂട്ടത്തിലെ അവസാനത്തെ ആളും ഞാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കൈയിലെ കുത്തുവടി ആ മണ്‍തറയുടെ നടുക്കായി നല്ലപോലെ ഉറപ്പിച്ചു നിര്‍ത്താന്‍ എന്നോട് പറഞ്ഞു. ഒന്നുനിര്‍ത്തി വീണ്ടും തുടര്‍ന്നു, “ഒരു ചായകുടിക്കാന്‍ കടയില്‍ കയറിയ എനിക്ക് വേണ്ടി പെയ്ത മഴ കൊണ്ടുതന്നത് ആ ചാനല്‍ ഉടമസ്ഥനെയാണ്. ഇതുപോലെത്തന്നെ വര്‍ത്തമാനം പറയാന്‍ ചാനലിലേക്കു ക്ഷണിച്ചു. പുതുതായി ഒന്നും ചെയ്യാനില്ലാതായപ്പോള്‍ ഒന്നുമാലോചിക്കാതെ  തിരിച്ചുപോന്നു. നമുക്കുചുറ്റുമുള്ള എല്ലാ ജീവചാലങ്ങളുടെയും ഭാഷ പറഞ്ഞുതന്നത് കൃഷി പരിചയപെടുത്തിയ പ്രകൃതിയാണ്. അവയോട് അടുത്തപ്പോള്‍ അവര്‍ എന്നെ അനുസരിച്ചു. പുതുമയെ അറിയാനുള്ള ആഗ്രഹം കോള്‍സെന്‍റെര്‍ എന്ന പുതിയ ലോകത്തെത്തിച്ചു. വിരല്‍ത്തുമ്പിലെ ആ  ലോകം പരിചയപെടുത്തിയതാണ് ഇവളെ, ഇന്ന് എന്നെ കാണാന്‍ വന്നവരുടെ കൂട്ടത്തിലെ അവസാനത്തെ ആള്‍ എന്‍റെ ഭാര്യ”. അവനോടൊപ്പം എത്തിയ ഊന്നുവടിയുടെസ്ഥാനം ഏറ്റെടുത്ത അവളോടൊത്ത് അവന്‍ പതുക്കെ എഴുന്നേറ്റുനിന്നു. 
      
ഒരുപക്ഷേ പ്രകൃതി തന്നെയായിരിക്കും എന്‍റെ സംശയങ്ങള്‍ അവനോട് ചോദിച്ചതെന്നുതോന്നി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആദരവോടെ ആ കുത്തുവടിയുമായി മണ്‍തറയുടെ നടുക്കെത്തിയ എന്നോട് നടന്നുതുടങ്ങിയവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. “നാളെ പുലരുന്നത് സ്വാതന്ത്ര്യദിനമാണ്, ആഗസ്റ്റ്‌ 15 പറ്റുമെങ്കില്‍ അതില്‍ പതാക കെട്ടാം”. അവര്‍ നടത്തം തുടര്‍ന്നു. ആപോഴാണ് ഞാന്‍ ആ നിറങ്ങളെ ശ്രദ്ധിക്കുന്നത്, ആ നിറങ്ങളെ ഓര്‍ക്കുന്നത്. മൂന്നു തരത്തില്‍ ശബ്ദം കേള്‍ക്കുന്ന ചെറിയ മൂന്നു വിസ്സിലുകള്‍ക്കും, കല്ലന്‍മുളയുടെ മുകളിലെ മൂന്നുകെട്ടുകള്‍ക്കും നമ്മുടെ ദേശീയ പതാകയുടെ നിറമാണ്.അറിയാതെ വന്ന വികാരം ദേഹത്തെ രോമങ്ങളെ നൃത്തം ചെയ്യിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തോടെ ഞാന്‍ അവനെ നോക്കി.

ഉറങ്ങാനായി പുലര്‍ച്ചയെ കാത്തിരിക്കുന്ന വഴിവിളക്കുകള്‍ നോക്കിനില്‍ക്കേ  അവളുടെ തോളില്‍ച്ചാരി പതുക്കെപ്പതുക്കെ അവര്‍ നടന്നകലുന്നു. അവനെ അടുത്ത് അറിയുന്ന പ്രകൃതിക്കും, അവനെ സ്നേഹിക്കുന്നഅവള്‍ക്കും കേള്‍ക്കാനായി അവന്‍പാടുന്നുണ്ടായിരുന്നു, ആ നിലക്കാത്ത പാട്ടുകള്‍ക്കൊപ്പം പീലിവിടര്‍ത്തി നൃത്തം ചെയ്യുന്ന മൈയിലുകള്‍ വഴികാട്ടിയായി അവര്‍ക്കുമുന്നെ നടക്കുന്നുണ്ടായിരുന്നു,. മരണംവരെ മറക്കാന്‍ പറ്റാത്ത ഈ കാഴ്ച്ചകള്‍ കണ്ടുനിന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയ് അവന്‍ ഞങ്ങളുടെ സ്വന്തം “ശ്രദ്ധേയന്‍”.
                                      
കെ.എന്‍.സരസ്വതി

[Soney Naraynan]

14/01/2017