Wednesday 28 September 2016

സിദ്ധന്‍


സിദ്ധന്‍ 

നാട്ടില്‍ അറിയപ്പെടുന്ന സിദ്ധന്മാരുണ്ടാകാറുണ്ട്. സിദ്ധന്മാരിലൂടെ അറിയപ്പെടുന്ന നാടും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ അറിയപ്പെടുന്ന ഒരു ഗ്രാമം ആയിരുന്നു എന്‍റെതും. എന്നാല്‍  ഇന്ന് നാടിനെ തെക്കെപാടം  ഗ്രാമം എന്നൊക്കെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. ഒരു പട്ടണം, വലിയ പട്ടണം, വികസിച്ചുകൊണ്ടേയിരിക്കുന്ന പട്ടണം. ഗ്രാമത്തെ പട്ടണമാക്കിമാറ്റിയത് പത്തോ പതിനഞ്ഞോ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണ്. എന്തായാലും സിദ്ധന്മാരുടെ വരവോടെയാണ് ഞങ്ങളുടെ നാടും ലോക ശ്രദ്ധയാകര്‍ഷിച്ചത്. സത്യം പറഞ്ഞാല്‍ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ട സിദ്ധന്മാര്‍ ചരിത്രം സൃഷ്ടിച്ചു.

സ്വാമിജിയാണ് ആദ്യമെത്തിയത്, പ്രകാശ വേഗത്തില്‍ പ്രശസ്തനായ സ്വാമി ആ നാടിന്‍റെ മുഴുവനും ആദരവ് പിടിച്ചുപറ്റി. നാട്ടുകാരുടെ ഭാവിയും, ജീവിതരീതിയും സ്വാമിയുടെ വാക്കുകള്‍ക്കനുസരിച്ചായി. അങ്ങിനെ ആദ്യമായി നാട്ടിലേക്ക് കറുത്തറോഡ്‌ എത്തി. ആ വഴിയിലൂടെ മുന്നേ പോകുന്ന വണ്ടികള്‍ക്ക് പിറകെ പരിചിതരും, അപരിചിതരും സ്വാമിയുടെ മഠം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു. അമ്പലവും, അതിലും വലുതായി മഠവും പുതുക്കി പണിതു. ആളുകള്‍ കൂടുന്നതിനനുസരിച്ച് ചുറ്റുമുള്ള പുഴയും, പാടങ്ങളും നികന്നുകൊണ്ടേയിരുന്നു.

പാടംനികത്തലിന് എതിരേ നിലയുറപ്പിച്ച വലുതും ചെറുതുമായ കൊടികള്‍ പലതും എടുത്തുമാറ്റി. വീണ്ടും പാടങ്ങള്‍ നികത്തി നാടിനെ ആകര്‍ഷിച്ച പള്ളി പണിതു. വടക്കുനിന്നെത്തിയ പേരുകേട്ട ഫാദര്‍ പെട്ടന്നുതന്നെ എല്ലാവര്‍‍ക്കും പ്രിയപ്പെട്ട അച്ഛനായി. പ്രിയപ്പെട്ട ഫാദറിന്‍റെ സ്രമങ്ങളുടെ ഭലമായി നാട്ടില്‍ സ്കൂളും, കോളേജ്ജും പ്രവര്‍ത്തിച്ചുത്തുടങ്ങി.  നാട്ടിന്‍പുറത്തുള്ള നമ്മുടെ കുട്ടികള്‍ പഠിക്കണം, അറിവാണ് യഥാര്‍ത്ഥ ആയുധം, ഫാദറിന്‍റെ വാക്കുകള്‍ നാട്ടുകാരുടെ ഇടയില്‍ പുതുവെളിച്ചമായി. നഗരങ്ങളില്‍നിന്നും കുട്ടികള്‍ അവിടേക്ക് പഠിക്കാന്‍ എത്തിയതുമുതല്‍ വിവിധ ധനകാര്യസ്ഥാപനങ്ങളും, മറ്റു സംരംഭകരും  പാടംനികത്തി സ്ഥാപനങ്ങള്‍ പണിതുകൊണ്ടേയിരുന്നു.

വിശ്വാസികള്‍ക്കുവേണ്ടി പുതുക്കിനിര്‍മിച്ച മുസ്ലിം പള്ളി ആ നാടിന്‍റെ ഐശ്വര്യത്തിന് യാതൊരുവിധ കുറവും വരുത്തിയില്ല. തെക്കുനിന്നെത്തിയ തങ്ങളുടെ ഖ്യാതി തെക്കന്‍ കാറ്റിനൊപ്പം ആ നാടുചുറ്റി പാറിപറന്നു. ആളെ നോക്കി രോഗ വിവരങ്ങള്‍ പറയും, മന്ത്രിച്ച ചരടുകെട്ടി രോഗങ്ങള്‍ മാറ്റുകയും ചെയ്യുന്ന ഒന്നാതരം സിദ്ധന്‍. പണം ഒഴുകിയെത്തിയ നാട്ടുവഴികള്‍ക്കൊപ്പം ഒഴുകിയിരുന്ന പുഴകള്‍ നികത്തപെട്ടുകൊണ്ടേയിരുന്നു. വീണ്ടും ആശുപത്രികളും, അനുബന്ധ സ്ഥാപനങ്ങളും പണിതുയര്‍ന്നു.

ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതായി യാതൊന്നുമില്ല. അവിടുത്തെ രാഷ്ടീയവും, നീതിയും, നിയമവും ഈ മൂന്നു സിദ്ധന്‍മാരുടെയും ഉത്തരവാദിത്തം ആയിതീരുകയായിരുന്നു. അപ്പോഴും തലയെടുപ്പോടെ ഒപ്പത്തിനൊപ്പം നിലകൊണ്ട മൂന്ന് ആരാധനാലായങ്ങളും നാടിന്‍റെ കീര്‍ത്തി ലോകമെമ്പാടും പടര്‍ത്തി. നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു “നാട് നന്നായി... നമ്മുടെ ജീവിതവും”.

ശാന്തമായ അന്തരീക്ഷത്തില്‍ ചാറിതുടങ്ങിയ ചാറ്റല്‍മഴ പോലെ വിവിധ സമുദായത്തില്‍ നിന്നുള്ള സിദ്ധന്മാര്‍ എത്തി. പേമാരിപോലെ ആരാധനാലയങ്ങളും, അനുബന്ധ സ്ഥാപങ്ങളും നിറഞ്ഞു. ഭാഗികമായി നികത്തപ്പെട്ട പുഴ ഒഴുകാനായി നന്നേ പാടുപെടുന്നുണ്ടായിരുന്നു. കറുത്തിരുണ്ട മേഘങ്ങള്‍ പോലെ നാട്ടിലെ സൌഹ്രിദങ്ങള്‍ ഭാഗം തിരിഞ്ഞ് പല ചേരികളായി. മൂന്ന് ആരാധനാലായങ്ങളും ശോഭ കൂട്ടുന്നതില്‍ മത്സരിച്ചുകൊണ്ടേയിരുന്നു. അപ്പോഴും വിശ്വാസികളായ നാട്ടുകാരും, കഴ്ച്ചക്കാരും സിദ്ധന്‍മാരെ വാനോളം പുകഴ്ത്തി.

സമുദായങ്ങളുടെ വലുപ്പത്തിനനുസരിച്ച് തെറ്റുകള്‍ പതിയേ ശരികള്‍ ആയിതീരുകയയിരുന്നു. നാട്ടുകാരുടെ സുഖജീവിതം തടസ്സപെടുന്ന അളവില്‍ തെരിവു നായകളും, ഭിക്ഷക്കാരും, പ്രാന്തന്‍മാരും നാടുനിറഞ്ഞു. ആദ്യകാലങ്ങളില്‍ എത്തപ്പെട്ട പ്രാന്തനും, യാചകരും ആര്‍ക്കുംതന്നെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. കുട്ടികളെ തട്ടികൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി ആദിയായവ നിത്യ സംഭവങ്ങളായി. ആരാധനാലായങ്ങള്‍ യാചകരെ നിരോധിച്ചു, നാട്ടുകാരും അക്കുട്ടത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പുതിയനിയമം താളംതെറ്റിച്ചത് വര്‍ഷങ്ങള്‍ക്കുമുന്നേ ആ നാട്ടില്‍ എത്തപ്പെട്ട ആറരടി പ്രാന്തനെയാണ്.ഇയാളില്‍നിന്നും ഉപകാരങ്ങളൊഴികെ ദുരനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. എന്തൊക്കയോ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന ആ പാവം കൈയില്‍ സൂക്ഷിച്ച തകര പാത്രത്തില്‍ കല്ലുകള്‍ കിലുക്കിയായിരിക്കും നടപ്പ്. തട്ടിപ്പുക്കാരുടേയും, മറ്റു യാചകരുടേയും കൂട്ടത്തില്‍ ആറരടി പ്രാന്തനേയും ഉള്‍പെടുത്തുന്നതിനെപ്പറ്റിയുള്ള സംസാരങ്ങളില്‍ സിദ്ധാന്മാര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു “ മേല്‍വിലാസം ഇല്ലാത്തവര്‍ ഈ നാടിന് ശാപമാണ്, ഓടിച്ചുകളയണം. തിരിച്ചുവന്നാല്‍ തല്ലിക്കൊല്ലണം”. കാരുണ്യം നഷ്ടപെട്ട കണ്ണുകളും, കരുത്തുള്ള കൈകളും ആ നാടിനു വേണ്ടാത്ത ജീവനുകളെ തുരത്തി. ആ കൂട്ടത്തില്‍ പ്പെട്ടുപോയ ആറരടി പ്രാന്തന്‍ ചിലരുടെയെങ്കിലും മനസ്സിലെവിടെയോ മായാത്ത വേദനയായി.

കാറ്റത്താടിയ മാമ്പഴം പോലെ വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. പരസ്പരം വര്‍ത്തമാനം പറഞ്ഞിരുന്ന സാമുദായ ജീവികള്‍ തമ്മില്‍ കണ്ടാല്‍ ചിരിക്കാതായി. അവര്‍ ഒന്നിച് ആഘോഷിച്ചിരുന്ന പ്രത്യേക ദിവസങ്ങള്‍, ആ ദിവസങ്ങളുടെ പേരില്‍ വിവിധ സമുദായങ്ങള്‍ വീതിച്ചു. സിദ്ധന്മാരുടെ വാക്കുകള്‍ അനുസരിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ ആരാധനാലയങ്ങളുടെ വലുപ്പം കൂട്ടുന്നതില്‍ മത്സരിച്ചു. നാടിന്‍റെ   വികസനം ആകാശംമുട്ടി. പുഴ പകുതിയോളം നികത്തപെട്ടു. നാടും നാട്ടുകാരും മാറിതുടങ്ങി, അവര്‍ക്കിടയില്‍ ജീവിതമില്ലാതായി.

മൂന്ന്‌ ആരാധനാലയങ്ങളുടെയും ഒത്തനടുക്കായി വലിയൊരു കൊടിമരം സ്ഥാപിക്കാനായി ആ സ്ഥലം സ്വന്തമാക്കാന്‍ ജാതി തിരിഞ്ഞ് മത്സരം ആരംഭിച്ചു. നാട്ടില്‍ സംഘര്‍ഷാവസ്ഥ, ആയുധധാരികളായ വിശ്വാസികള്‍ അവരവരുടെ സിദ്ധന്മാരുടെ കീഴില്‍ അണിനിരന്നു. കൊടിമാരത്തിനായി സിദ്ധന്മാര്‍ തമ്മില്‍ വാശിയോടെ പോരാടി. ഒഴുകാനാകാത്ത പുഴപോലെ ആരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒന്നുറപ്പാണ് അക്രമം നാടുനീളെ പരക്കും, കൈകരുത്തുള്ളവര്‍ വിജയിക്കും. ആഞ്ഞടിച്ച പൊടിക്കാറ്റ് യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.

കാറ്റ് മറഞ്ഞ വഴിയിലുടെ തകരപ്പാട്ടയും കിലുക്കി ആറരടി പ്രാന്തന്‍ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തി. നാട്ടുകാര്‍ നിശബ്ദരായി. മുന്നോട്ടോടിയ പ്രാന്തന്‍ അമ്പലത്തിനു മുന്നിലെത്തി അസഭ്യവര്‍ഷം   നടത്തി. ഓടിക്കുടിയ ഹൈന്ദവ വിശ്വാസികള്‍ അവനെ തല്ലി ഓടിച്ചു. പരിക്കുകളുമായി പള്ളിമുറ്റത്തേക്ക്‌ ഓടിയ പ്രാന്തന്‍ വീണ്ടും  അസഭ്യവര്‍ഷം തുടര്‍ന്നു. ക്രിസ്തുമത വിശ്വാസികള്‍ കുന്തം കൊണ്ട് ആഞ്ഞുകുത്തി. അവിടെനിന്നും തളര്‍ന്നോടിയ പ്രാന്തന്‍ പള്ളിമിനാരത്തിന് മുന്നില്‍ മുട്ടുകുത്തി. ഇസ്ലാം മതവിശ്വാസികള്‍ അവനെ കല്ലെറിഞ്ഞു. അപ്പോഴും തുടര്‍ന്ന പ്രാന്തന്‍റെ അസഭ്യവര്‍ഷത്തിനൊപ്പം തെറിച്ചുവീണ ചോരത്തുള്ളികള്‍ കാലവര്‍ഷം കണക്കേ മണ്ണില്‍ പതിഞ്ഞു.

സിദ്ധാന്മാരുടെ മുന്നിലേക്ക് വലിച്ചിഴച്ച് ആറരടിപ്രാന്തനെ എത്തിച്ച നാട്ടുകാര്‍ വിധികേള്‍ക്കാന്‍ കാത്തുനിന്നു. കൊടിമരത്തിനുവേണ്ടി മത്സരിച്ച മൂന്നു സിദ്ധാന്മാരും ഒന്നിച്ചൊരു തീരുമാനം പറഞ്ഞു “ തല്ലിക്കൊല്ലണം, കൈവെള്ളയില്‍ ആണിയടിച്ച് നാടിന് നടുവില്‍ കെട്ടിതുക്കണം. ഇനി ഒരുത്തനും ആരാധനാലയങ്ങളെ പരിഹസിക്കരുത്”. അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിനിന്ന പ്രാന്തന്‍ ആറരടി പൊക്കത്തില്‍ എഴുനേറ്റുനിന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി സംസാരിച്ചു, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ “ മരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ നിങ്ങള്‍ ഒന്നായി ജിവിക്കണം”. ആരും ഒന്നും പറഞ്ഞില്ല. നിശബ്ദത മുറിച്ച് സിദ്ധാന്മാര്‍ ഒന്നിച്ചുപറഞ്ഞു “കൂടുതല്‍ സംസാരിക്കേണ്ട, ഞങ്ങളുടെ കാലുകള്‍തൊട്ട് മാപ്പുപറഞ്ഞാല്‍ നിനക്ക് ഇവിടെനിന്നും പോകാം”. സിദ്ധന്മാരുടെ തീരുമാനത്തെ കരഘോഷത്തോടെ ഏറ്റെടുത്ത നാട്ടുകാര്‍ ആര്‍പ്പുവിളിക്കാനും മറന്നില്ല. 
    
ചോരത്തുള്ളികള്‍ ഇറ്റ് ഇറ്റു വീഴുന്ന ജഡ പിന്നിലാക്കി മുന്നോട്ട് നടന്ന പ്രാന്തന്‍ ഉച്ചത്തില്‍ പറഞ്ഞു “ നിങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നതിനു വേണ്ടി ഞാന്‍ ഇവരുടെ കാലുകള്‍ തൊട്ട് വന്തിക്കുന്നു”. കൈയ്യിലൂടെ ഒഴുകുന്ന ചോര സിദ്ധന്മാരുടെ കാലുകളില്‍ ചുവന്ന വരകളായി. തിരിച്ചുനടന്ന പ്രാന്തന്‍ കൈയ്യിലെ തകരപ്പാട്ട ആഞ്ഞുകുലുക്കി, കാഴ്ചക്കാരായ എല്ലാവര്‍ക്കും കേള്‍ക്കാനായി പറഞ്ഞു “ എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു”. കയ്യിലെ തകരപ്പാട്ട പതിയേ തിരിച്ചു. അതില്‍നിന്നും നിലത്തേക്ക് പതിച്ച മണ്‍തരികള്‍ ഭുമിക്ക് സ്വന്തമായി. പ്രാന്തന്‍ അല്‍പസമയത്തിനു ശേഷം വീണ്ടും ശബ്ദിച്ചു “ എനിക്ക് ഇഷ്ടമില്ലാത്തത് ഞാന്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നു”.

നടന്നകലുന്ന പ്രാന്തന്‍റെ അലര്‍ച്ച ഇടിമുഴക്കം പോലെ നാടിനെ നടുക്കി. ആകാശംമുട്ടെ മനുഷ്യന്‍ ഉയര്‍ത്തിയ ആരാധനാലയങ്ങള്‍ പ്രാന്തന്‍ നടന്നകലുന്നതനുസരിച്ച് ഭുമിയിലേക്ക് താണുകൊണ്ടേയിരുന്നു. നടുക്കം വിട്ടുമാറാത്ത നാട്ടുകാര്‍ സിദ്ധന്മാരേ തല്ലിച്ചതച്ചു. പലനിറത്തില്‍ വേഷംധരിച്ച സിദ്ധന്മാരില്‍നിന്നും ഒഴുകിയിരുന്ന രക്തം ഒരേ നിറത്തില്‍ ഭുമിയില്‍ പതിച്ചു. “സിദ്ധന്‍”, “സിദ്ധന്‍”, “ശരിക്കും സിദ്ധന്‍”, അലറിക്കൊണ്ട്‌ നാട്ടുകാര്‍ പ്രാന്തന്‍റെ പിറകെ ഓടി.

സിദ്ധനായി മാറിയ പ്രാന്തനെ കാണാന്‍ കഴിയാതെ തിരകെ എത്തിയ നാട്ടുകാര്‍ ആകെ സങ്കടപ്പെട്ടു. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായും താഴ്ന്ന ഭുമിയിലൂടെ കെട്ടികിടന്ന പുഴവെള്ളം നേരെ കടലിലേക്ക് ഒഴുകി. ഒന്നും മനസ്സിലാകാത്ത നാട്ടുകാര്‍ ആകാംഷയോടെ നോക്കിനിന്നു, ഇനിയും തങ്ങളെ അതിശയിപിക്കാനും, അനുസരിപ്പിക്കാനും എത്തുന്ന പുതിയ സിദ്ധന്മാരെയും നോക്കി.
                                     
                                                                                                            കെ.എന്‍.സരസ്വതി
[Soney Naraynan]

No comments:

Post a Comment