Saturday 5 March 2016

പുതിയ കാര്‍


പുതിയ കാര്‍ 

ചെങ്കല്‍ പാകിയ ഇടവഴിയിലൂടെ പൊടിപറത്തി പച്ചിലകളെ ചുവപ്പാക്കി ആ വെള്ളക്കാര്‍ ഓടിപ്പോകുന്നത് ഇന്നും ഞാന്‍  ഓര്‍ക്കും. ദിവസവും കാറില്‍ വന്നിറങ്ങുന്ന അവനെക്കാണാന്‍   അതിലുംമുന്നെ ഞങ്ങള്‍ സ്കൂളിലെത്തുമായിരുന്നു. ചന്ദ്രന്‍ ചേട്ടന്‍റെ  കാര്‍ ആ നാട്ടുകാരുടെയെല്ലാം സ്വകാര്യ അഹങ്കാരമായിരുന്നു. അത് ഒരു കാലം തന്നെ ആയിരുന്നുവെന്ന് ഇന്നും എല്ലാവരും പറയും.

ദിവസങ്ങള്‍ക്കുമുന്‍പുതന്നെ സ്വപ്നംകണ്ടുതുടങ്ങിയിരുന്നു ആ ഞായര്‍ആഴ്ചക്കുവേണ്ടി, അമ്മാവന്‍റെ വീട്താമസത്തിനുപോകണം. നിലവിളക്ക്, കിണ്ടി, പറ, മറ്റു പലതരം പാത്രങള്‍, അപ്പോള്‍ വലിയച്ഛനാണ് കാര്‍വിളിക്കാം എന്ന അഭിപ്രയം ആദ്യംതന്നെ  പറഞ്ഞത്. എല്ലാവരുടെയും മുഖത്ത്‌ ഒരേപോലെ വന്ന സന്തോഷം അച്ഛനെ ചന്ദ്രന്‍ ചേട്ടന്‍റെ അടുത്തെത്തിച്ചു കൂടെ എന്നെയും.

ചെറിയ വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരി. കണ്ണാടിയുടെ കീഴില്‍ പച്ചനിറത്തിലുള്ള റബ്ബറിന്‍റെ മുന്ദിരിക്കുലകള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. കാറിന്‍റെ ഉള്‍വശത്തെ കഴ്ച്ചകള്‍ അങിനെപോകുന്നു.ഹോ...അപ്പോഴേക്കും ഞാനെന്ന നാലാം ക്ലാസ്സുക്കാരന്‍ ആഗ്രഹിച്ചുതുടങ്ങി വരുന്ന ഞായര്‍ആഴ്ചക്കുവേണ്ടി.

ഇടവഴിയിലൂടെ പൊടിയുംപറത്തി ആ വെള്ളക്കാര്‍ ഇന്ന് എന്‍റെ വീടിനു മുന്‍പില്‍ ഏത്തുന്നത് കാണാന്‍  നേരത്തെതന്നെ ഒരുങ്ങി. കാത്തിരിപ്പിനൊടുവില്‍ ആദ്യമെത്തിയത് പ്രതീക്ഷിക്കാതെ വന്ന ചാറ്റല്‍മഴ, വലിയച്ഛന്‍റെ അഭിപ്രയത്തെ ശരിവെക്കാന്‍ വേണ്ടി പെയ്യുന്ന മഴയെ നല്ലപോലെ ആസ്വദിച്ച വലിയച്ഛന്‍ ആ വാക്കുള്‍ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു “ചന്ദ്രന്‍റെ കാറ് വിളിക്കാന്‍ തോന്നിയത് നന്നായി”.

അന്ന്‍ എനിക്ക് ആദ്യമായി മഴയോട് ദേഷ്യം തോന്നി, മുന്‍ സീറ്റില്‍ ചില്ലുകള്‍ താഴ്ത്തി മുടിയെ പറത്താന്‍ വരുന്ന കാറ്റിനോട് വര്‍ത്തമാനവുംപറഞ്ഞ് സ്കൂളിനു മുന്‍പില്‍ വന്നിറങ്ങുന്ന ചന്ദ്രന്‍ ചേട്ടന്‍റെ മകന്‍ അനില്‍ ചന്ദ്രന്‍ ആയിരുന്നു മനസ്സുനിറയെ.  കണ്ണുകളില്‍ ഉരുണ്ട്കൂടിയകാര്‍മേഘങ്ങള്‍ മഴവെള്ളം പോലെ ഒഴുകിത്തുടങ്ങി. അകത്തുപോയി മുഖമൊക്കെ കഴുകി തിരിച്ച് എത്തിയപോഴേക്കും ഉയര്‍ത്തിവെച്ച ചില്ലുകളുമായി ആ കാര്‍ വീടിനു മുന്‍പില്‍ എത്തിയിരുന്നു.

സമയമായിട്ടില്ല പെണ്ണുങ്ങള്‍ക്കൊക്കെ നന്നായി ഒരുങ്ങണമല്ലോ. ഏതായാലും ചന്ദ്രന്‍ നേരത്തെ എത്തിയത് നന്നായി. കുടയുമായി പുറത്തുനിന്നിരുന്ന വലിയച്ഛന്‍ ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. അച്ഛന്‍റെ  തിരക്കുക്കുട്ടലുകള്‍ കണ്ടത് കൊണ്ടാവാം  വലിയച്ഛനും  ഒന്നുംപറയാതെ അവര്‍ക്കൊപ്പം വിളക്കും മറ്റുസാധനങ്ങളും എടുത്തുവെക്കാന്‍ കൂടി. ഇത്തരത്തിലുള്ള ഒത്തിരി കാര്യങ്ങള്‍ അവിടെ നടക്കുന്നതിനോടൊപ്പം എന്‍റെ സ്വപ്നങളെ ചില്ലുകൊണ്ടു മൂടിയ മഴയും ചെറുതായ് പെയ്യുന്നുണ്ടായിരുന്നു.

ഉയര്‍ത്തിവെച്ചരിക്കുന്ന ചില്ലുകളിലൂടെ കാറ്റ് കടന്നുവരില്ല എന്നും. മഴ പെയ്യുമ്പോള്‍ പൊടി പറക്കില്ല എന്ന വസ്തുതയും അന്നാണ് വ്യക്തമായി ഞാന്‍ മനസ്സിലാക്കിയത്.സ്വപ്നങ്ങള്‍ ഒന്നൊന്നായി തകരുന്നു, മുന്‍ സീറ്റില്‍ ഇരുന്നുള്ള യാത്രമോഹം കാറിനുള്ളിലെ ചന്ദനത്തിരി എരിഞു തീരുന്നപോലെ ഇല്ലാതാകുകയായിരുന്നു. വലിയച്ഛന്‍റെ  വാക്കുകളിലൂടെയാണ് അത്  അറിയുന്നത്, ഞാനടക്കം അമ്മ, വല്യമ്മ, അച്ചമ്മ, ചേച്ചി പിന്നില്‍ ഇരിക്കേണ്ടവര്‍. അച്ഛന്‍, വലിയച്ഛന്‍, ചേട്ടന്‍ മുന്നിലിരിക്കേണ്ടവര്‍. അന്നുതന്നെ ആയിരിക്കണം എനിക്ക് മുന്നിലിരിക്കുന്നവരോട് അസൂയ തോന്നിതുടങ്ങിയതും.

ഞാന്‍ ആദ്യമായി കാറിന്‍റെ ഡോര്‍ അടച്ചു. പാതി നടന്ന സ്വപ്നം പോലെ പാതിയടഞ്ഞ ഡോര്‍, ചന്ദ്രന്‍ ചേട്ടന്‍ മുന്‍സീറ്റില്‍ ഇരിക്കുന്നവരോട് സംസാരിക്കുന്നതിനൊപ്പം കൈ പിന്നിലേക്കിട്ട് ഡോര്‍ ഒന്നുകൂടി തുറന്നടച്ചു. കണ്ണുകള്‍ അറിയാതെ   അടഞ്ഞുപോയപ്പോഴാണ് ഇടതുകൈയുടെ ചൂണ്ടുവിരല്‍ ഡോറിന്‍റെ  ഉള്ളില്‍ പെട്ടുപോയിരിക്കുന്നു എന്ന് അറിയുന്നത്. വേദന എന്‍റെ  ഹൃദയമിടിപ്പ്‌ കൂട്ടി, ഉറക്കെ കരയണമെന്നു തോന്നി. പിറകിലിരിക്കേണ്ടി വന്നെങ്കിലും സീറ്റിന്‍റെ അറ്റം നഷ്ടപെടുമെന്ന വിശ്വാസം കരച്ചിലിനെ അടക്കിയിരുത്തി. കൈ വേദന കണ്ണുകളിലെ ഇരുട്ടായിമാറുംബോഴും ചില്ലിലൂടെയുള്ള പുറംകാഴ്ചകളില്‍ വ്യക്തത ഉണ്ടായിരുന്നു. എരിഞ്ഞു തീര്‍ന്നെങ്കിലും മനസ്സില്‍ ചന്ദനത്തിരിയുടെ മണം ബാക്കിയാക്കി എപ്പോഴോ ഞാന്‍ ഉറങ്ങി.

അമ്മാവന്‍റെ വീട്ടുപരിസരത്തും കാര്‍എത്തുന്നത്‌ മിക്കവാറും ആദ്യമായിട്ടായിരിക്കാം. എന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ വീണ മഴ  വഴിതെറ്റി എങ്ങോ പോയിരുന്നു. താഴ്ത്തിയചില്ലിലൂടെ മുടിയെ പറത്താന്‍ വന്ന കാറ്റിനോട് ഒന്നും പറയാന്‍ പറ്റാതെ ഞാന്‍  കിടന്നുറങ്ങി. അമ്മ വിളിച്ചു, കൈവേദനയോടൊപ്പം ഞാനും ഉണര്‍ന്നു. ചുറ്റുംകൂടിയ സ്വന്തക്കാര്‍, അയല്‍വാസികള്‍, കുട്ടികള്‍ അവരുടെ മുഖങ്ങളിലെ അത്ഭുതം എന്നെ സ്കൂളിനു മുന്നില്‍ കാറില്‍ വന്നിറങ്ങുന്ന അനില്‍ ചന്ദ്രനാക്കിയപ്പോള്‍ കൈവേദനയെ ഞാന്‍ അഹങ്കാരമാക്കി. ആരുംകാണാതെ, ആരെയുമറിയിക്കാതെ ചൂണ്ടുവിരലിലെ ചോരക്കറ കഴുകിക്കളഞ്ഞ് എത്തിയപ്പോഴേക്കും, സ്വയം പറത്തിയ പൊടിക്കുള്ളില്‍ ആ കാര്‍ മറഞ്ഞിരുന്നു.

എനിക്കവിടെ ആരുമായും  അധികം പരിചയമില്ലാത്തതിനാല്‍ കാര്‍യാത്രയിലെ പറയാനാകാത്ത നുണക്കഥകള്‍ എന്നോടൊപ്പം കിടന്നുറങ്ങി, ഞങ്ങളെ കൂട്ടിക്കൊണ്ടുവരുവാന്‍ പിറ്റേദിവസവും കാറെത്തിയെന്ന സ്വപ്നം വീണ്ടുമോര്‍ത്തത്‌ ബസ്സിലുള്ള മടക്കുയാത്രയിലാണ്. മാറിക്കയറിയ ബസ്സുകളിലൂടെ കവലയില്‍ ഏത്തിയപ്പോഴും ഞാനാദ്യം നോക്കിയത് ആ  കാറിനെയാണ്‌. അന്നും അതവിടുണ്ടായിരുന്നില്ല. ഏഴാംക്ലാസ്സ് കഴിയുന്നതുവരെ സ്കൂള്‍വിട്ടുവരുന്ന സമയത്തെ  പ്രധാനനേരംപോക്കുകളിലൊന്ന് ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ കവലയില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് കൂട്ടുകാരുമായി ബെറ്റുവെക്കലാണ്. ആ വകയില്‍  അന്പതുപൈസയുടെ ബബിള്‍ഗം കുറേ കിട്ടിയതും കൊടുത്തതുമായ കഥകള്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആരും വിസ്വസിക്കില്ലായിരിക്കും. കറുപ്പ്, പച്ച, വെള്ള നിറങ്ങളോടുകൂടിയ ആറുകാറുകള്‍ പതിയെ കവലയില്‍ എത്തിത്തുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ ബെറ്റുകളിയും അവസാനിച്ചിരുന്നു.

കവലയിലുള്ള ഡ്രൈവര്‍ ചേട്ടന്മാരുമായി അച്ഛനു നല്ല ബന്ധമായിരുന്നു, എന്നിരുന്നാലും കാര്‍ ആവശ്യമുള്ള യാത്രകള്‍ക്ക്  ചന്ദ്രന്‍ ചേട്ടനെയാണ് വിളിക്കുന്നത്‌. മുന്നിലിരിക്കുന്നവരോടുള്ള അസൂയ അവസാനിക്കുന്നതും ആസമയത്താണ് കാരണം പിന്നീട്  എല്ലായിപ്പോഴും മുന്‍സീറ്റില്‍ ഞാനായിരിക്കും. ചില്ലുകടന്നുവരുന്ന കാറ്റിനെ കാണാറുണ്ടങ്കിലും ശ്രദ്ധമുഴുവനും ചന്ദ്രന്‍ചേട്ടന്‍റെ   കാറോടിക്കുന്ന രീതികളിലണ്. വീട്ടില്‍ കാറു വാങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ ഓടികൊണ്ടിരുന്നു. അപ്പോഴും  കാറിന്‍റെ  ഡോര്‍ അടയുന്നശബ്ദം ആ പഴയ വേദനയെ ഓര്‍മിപ്പിച്ച് എന്‍റെ  കണ്ണുകളെ  ഇരുട്ടാക്കാറുണ്ടായിരുന്നു.

കവലയിലെ കാറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഞങ്ങളും വലുതായികൊണ്ടിരുന്നു. ചെങ്കല്‍ പാകിയ ഇടവഴികള്‍ പലതുമിന്ന്‍ കറുത്ത നിറത്തിലെ റോഡുകളായി. അതിലൂടെ പലതരത്തിലും നിറത്തിലുമുള്ള പുതിയതും പഴയതുമായ പലതരം കാറുകള്‍ ഓടിക്കൊണ്ടിരുന്നു. അപ്പോഴും അതിലോരെണ്ണമായി എരിഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ കെട്ടിത്തൂക്കിയ മുന്തിരിക്കുലകയുമൊക്കെയായി ചന്ദ്രന്‍ ചേട്ടന്‍റെ  കാറും ഇടക്കിടെ ഓടിക്കൊണ്ടേയിരുന്നു.

നമ്മളെപ്പോലെ കാലത്തിനൊപ്പം ഓടുന്ന എല്ലാ വണ്ടികള്‍ക്കും    പലതരത്തിലുള്ള പരാതികള്‍ ഉണ്ടാകും. അത്തരം വിഷമങ്ങള്‍   പരിഹരിക്കാന്‍ ചിലപ്പോഴൊക്കെ ശിവന്‍ ചേട്ടന്‍റെ വര്‍ക്ക്‌ഷോപ്പില്‍ പോകാറുണ്ട്. അവിടെ വച്ചാണ് കുറേനാളുകള്‍ക്കു ശേഷം   ചന്ദ്രന്‍ ചേട്ടനെ വീണ്ടും കാണുന്നത്. ആദ്യംതന്നെ നോട്ടമെത്തിയത് കുട്ടിക്കാലത്തെ സ്വപ്നവാഹനത്തിലേക്കാണ്.പഴയ പടക്കുതിരയുടെ നിറംമങ്ങിയിരിക്കുന്നു. എരിഞുതീര്‍ന്ന ചന്ദനത്തിരിയുടെ ബാക്കി അടയാളങ്ങളൊഴികെ, മുന്നിലെ കണ്ണാടിയും, ചെറിയവിഗ്രഹങ്ങളും, മുന്തിരിക്കുലയുമൊക്കെയടങ്ങുന്ന ഉള്‍വശത്തെ കഴ്ച്ചകള്‍, എന്‍റെ  ഓര്‍മ്മകളില്‍ ഒതുങ്ങിക്കൂടിയെന്ന തിരിച്ചറിവ് ചൂണ്ടുവിരലിലെ പഴയ വേദനപോലെ വീണ്ടും ഞാന്‍  ഓര്‍ത്തു.

ആഡംബരക്കാറുകള്‍ കവലയില്‍ സ്ഥാനംപിടിച്ചപ്പോള്‍ പഴയ പലകാറുകള്‍ പലതും അവിടെ കാണാതായി. പ്രതാപകാലത്തെ കരുതിവെക്കല്‍ ചന്ദ്രന്‍ ചേട്ടനില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും  ഉണ്ടാക്കിയിരുന്നില്ല. അതുകൂടാതെ അനിലിന്‍റെ നല്ലനിലയിലുള്ള ജോലിയും ആകുടുംബത്തിന് ഒരുതണലായിരിക്കാം. ആ കാറിനെ ടാക്സി പെര്‍മിറ്റില്‍നിന്നും മാറ്റി പ്രയിവറ്റാക്കാനായി ചെറിയ പണികള്‍ നടത്തണം. അതിന് വേണ്ടിയാണ് ചന്ദ്രന്‍ ചേട്ടന്‍ വര്‍ക്ക്‌ഷോപ്പിലെത്തിയത്. “ഇക്കാറിലൊന്നും ഇനി ആരുംകയറില്ല അതുകാരണം ഇതൊക്കെവാങ്ങാന്‍ ആളും ഉണ്ടാവില്ലാ, പിന്നെ പൊളിക്കാന്‍ കൊടുക്കണം, അതിനുമനസ്സും സമ്മതിക്കണില്ലാ”. ഇക്കാര്യങ്ങള്‍ പറയുന്നതിനോടൊപ്പം  ഞങ്ങളുടെ വീട്ടുവിശേഷവും തിരക്കുന്നുണ്ടായിരുന്നു. കുറേ കാറുകള്‍ക്കുനടുവില്‍ ഒരുകാര്‍, ആ ദിവസത്തെ കാഴ്ചകളും സംസാരങ്ങളും എന്‍റെ ഓര്‍മ്മയിലേക്ക് ഒളിച്ചു. അഓര്‍മ്മകള്‍ക്കുമീതെ പൊടിപറത്താനാവാതെ ആ കാര്‍ ഓടിപ്പോയി, ആരെയും ശ്രദ്ധിക്കാതെ.

നാളുകള്‍ കുറച്ചുകഴിഞ്ഞു. അകത്തെമുറിയില്‍നിന്നും ഞാന്‍ പുറത്തേക്കുവരുന്നത് ചന്ദ്രന്‍ ചേട്ടന്‍റെ ശബ്ദം കേട്ടുകൊണ്ടാണ്. ആദ്യം നോക്കിയത് ആ കാറിനെയാണ്, അതവിടെ ഉണ്ടായിരുന്നില്ല. അനിലിന്‍റെ കല്ല്യാണത്തിന് ക്ഷണിക്കാന്‍ എത്തിയ ചന്ദ്രന്‍ ചേട്ടനോട് ഞാനാദ്യം ചോദിച്ചതും ആക്കാറിനെക്കുറിച്ചാണ്. “വണ്ടിഓടും, വീട്ടില്‍ത്തന്നെയുണ്ട്, ചുറ്റുവട്ടത്തൊക്കെ ഓടിക്കും. ഇനി അതും ഉണ്ടാകുമെന്ന് തോന്നുന്നില്ല” ചന്ദ്രന്‍ ചേട്ടന്‍ വര്‍ത്തമാനം തുടര്‍ന്നു. “പെണ്ണുവീട്ടുകാര്‍ അനിലിന് പുതിയ ഒരു കാര്‍ കൊടുക്കുന്നുണ്ട്”. കല്ല്യാണത്തിരക്കുകള്‍ ഓടിത്തീര്‍ക്കാന്‍ എല്ലാവരേയും ക്ഷണിച്ച് ചന്ദ്രന്‍ ചേട്ടന്‍ വീട്ടില്‍നിന്നും ഇറങ്ങി കാറില്ലാതെ.

പുതിയകാറുകള്‍, പഴയകാറുകള്‍, നിരന്നുകിടക്കുന്ന പലതരം വണ്ടികള്‍. ഭക്ഷണം കഴിക്കാന്‍ തിരക്കുകൂട്ടുന്ന ആളുകള്‍. കല്യാണപ്പാര്‍ട്ടിക്ക് ഞനും അവിടെ എത്തിയിരുന്നു. ചുറ്റുംകൂടിയ ആളുകള്‍ക്ക് നടുവില്‍ അനിലിന്‍റെയും ഭാര്യയുടെയും ഫോട്ടോകള്‍ പതിച്ച ഒരു ചുവന്ന പുതുപുത്തന്‍  കാര്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ ആ പഴയ കാറിനെ തിരഞ്ഞ് അപ്പോഴേക്കും ആ വീടിന്‍റെപിന്നിലെത്തി. പുതിയകാര്‍ ഉള്‍പെടെ എല്ലാവരെയും നോക്കിക്കൊണ്ട് ആരുടേയും ശ്രദ്ധയില്‍ പെടാതെ ചന്ദ്രന്‍ ചേട്ടന്‍റെ കാര്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. “ഇന്നു ഞാന്‍ നാളെ നീ”.ഞങ്ങളുടെ സ്കൂളിന്‍റെ അടുത്തുണ്ടായിരുന്ന സെമിത്തേരിയുടെ മുകളില്‍ എഴുതിവെച്ച വാക്കുകള്‍ ആ സമയത്ത് അറിയാതെ ഓര്‍ത്തു.  

ദിവസങ്ങള്‍ക്കുശേഷം അമ്പലത്തിനകത്തുവച്ച് ചന്ദ്രന്‍ ചേട്ടനെ കാണുമ്പോള്‍ കൂടെ കുടുംബവും ഉണ്ടായിരുന്നു. തൊഴുതിറങ്ങിയ ഞാന്‍ പുതിയകാറിന്‍റെ അടുത്തുനില്‍ക്കുന്ന ചന്ദ്രന്‍ ചേട്ടനോട് ചോദിച്ചതൊക്കെയും പുത്തന്‍ കാറിനെക്കുറിച്ചാണ്. “ഇതു വരെ ഓടിച്ചില്ല പുതിയ മെക്കാനിസമല്ലേ, വണ്ടി പറന്നോളും നല്ല മൈലേജും ഉണ്ടെന്നാ പറഞ്ഞുകേട്ടത്” പറഞ്ഞുതീര്‍ക്കുന്നതിനുമുന്‍പേ  അവരെത്തി.അവരോട് ഞാന്‍ യാത്ര പറയുന്നതിനിടയിലാണ് പുതിയകാര്‍ ഓടിക്കുവാനുള്ള ചന്ദ്രന്‍ ചേട്ടന്‍റെ ആഗ്രഹം അമ്മ അനിലിനോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ചന്ദ്രന്‍ ചേട്ടന്‍ തല താഴ്ത്തി        ചിരിക്കുന്നുണ്ടായിരുന്നു. ചിരിനിറുത്തിയ അനില്‍ പെട്ടന്നുതന്നെ പറഞ്ഞു “ഇത് പുതിയകാറാണ് പഴയകാറുപോലെ ചവിട്ടിപ്പിടിച്ച് ഓടിക്കാനൊന്നും പറ്റില്ലാ”. കൂടുതലൊന്നും സംസാരിക്കാതെ അനില്‍ കയറിയിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കി. പാതിമങ്ങിയ ചിരിയുമായി ചന്ദ്രന്‍ ചേട്ടന്‍ പിറകില്‍ കയറി ഡോര്‍അടച്ചു. അനിലിന്‍റെ  വാക്കുകള്‍ വീണ്ടും ശബ്ദങളായി “അച്ഛാ...പഴയകാറെല്ലാ ഇത് പുതിയകാറാണ്. ഇതിന്‍റെ ഡോര്‍ പതുക്കെയടച്ചാല്‍മതി”. ചന്ദ്രന്‍ ചേട്ടന്‍റെ ചിരി പൂര്‍ണ്ണമായും മങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു. ഡോര്‍ അടക്കുന്ന ശബ്ദം ഇപ്പോള്‍ എന്‍റെ  കൈവിരലിലെ വേദനയെ ഓര്‍മ്മപെടുത്താറില്ല പക്ഷേ, ആസമയത്തുതന്നെയാണ് മുന്നിലിരിക്കുന്നവരോട് ആദ്യമായിദേഷ്യം തോന്നിയതും. എന്‍റെ  ഓര്‍മ്മകളില്‍ ഒളിപ്പിച്ചുവെക്കാനുള്ള പൊടിയുംപറത്തിയാണ് പുതിയകാര്‍ അവിടെനിന്നും പോയത്‌.

ചന്ദ്രന്‍ ചേട്ടന്‍റെ വീട് അമ്പലത്തില്‍നിന്നും തിരിച്ചുവരുന്ന വഴിലാണ്. അവിടെയെത്തിയപ്പോള്‍ അറിയാതെ എന്‍റെ  വേകത കുറഞ്ഞു. പുതിയകാര്‍ പഴയകാറിനെ ഓടിച്ച്‌ വീടിന്‍റെ  ഒരറ്റത്തുകൊണ്ടുപോയി നിറുത്തിയിട്ടു. അവെള്ളക്കാറിന്‍റെ മുന്നില്‍ ഒരുബക്കറ്റും കൈയിലൊരു തുണിയുമായി ചന്ദ്രന്‍ ചേട്ടന്‍ പഴയകാലത്തെയോര്‍ത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നുംമിണ്ടാതെ യാത്രതുടര്‍ന്ന ഞാന്‍ തിരക്കുണ്ടായിരുന്നിട്ടും പാതിവഴിയില്‍ നിന്നു.

 ചെങ്കല്‍ പാകിയ ഇടവഴികള്‍ ഇന്നു ടാര്‍റോഡുകളായി. വഴിവക്കത്തെ പച്ചിലക്കൂട്ടങ്ങള്‍ മതില്‍കെട്ടുകള്‍ക്ക് വഴിമാറി. പൊടി പറത്തുവാന്‍ പറ്റിയില്ലെങ്കിലും, മതില്‍കെട്ടുകളെ  ചുവപ്പ് ആക്കിയില്ലങ്കിലും, വിഗ്രഹങള്‍ക്കുമുന്നില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ചന്ദനത്തിരിയും, കണ്ണാടിയുടെ കീഴില്‍ തൂക്കിയ പച്ചനിറത്തില്‍  ആടുന്ന റബ്ബറിന്‍റെ മുന്ദിരിക്കുലകളുമായി, എന്‍റെ സ്വപ്ന വാഹനം അതുവഴി വരുന്നതും നോക്കി ഞാനവിടെ കാത്തുനിന്നു പുതിയ ഓര്‍മ്മകള്‍ക്കായി.
                                                                                                                         കെ.എന്‍.സരസ്വതി

[Soney Naraynan]


 



No comments:

Post a Comment