Monday 21 March 2016

സ്നേഹം ഇല്ലാതാവുമ്പോള്‍


സ്നേഹം ഇല്ലാതാവുമ്പോള്‍

[Absence of love]


     വരള്‍ച്ചയുടെ വരവറിയിക്കാന്‍ കരയെ തനിച്ചാക്കി പുഴയും മറ്റു ജീവജാലങ്ങളും യാത്രയായി. ചുറ്റുവട്ടത്തുള്ള പുല്ലുകളും, കുറ്റിചെടികളും നേരത്തെതന്നെ യാത്രപറഞ്ഞുപോയിരുന്നു. ഞങ്ങള്‍ക്ക് ആ കരയില്‍ പെട്ടന്ന് എത്താനായത് ആ വഴിയിലൂടെ പോയതുകൊണ്ടാണ് . കാലില്‍ നനവറിയുന്നതുവരെ പുഴ വഴിമാറിയ കരയിലൂടെ കുറച്ചുകൂടി നടന്നു. കാലിലെ നനവ് ഓര്‍മ്മയെ ഉണര്‍ത്തിയതുകൊണ്ടാവാം, വരള്‍ച്ചയെ സ്നേഹിച്ചു തുടങ്ങിയ കരയില്‍ ഞാന്‍ എന്‍റെ പേര് എഴുതി “സോഫിയ”.

    അടുത്തടുത്ത് എഴുതിയ രണ്ടു പേരുകളെ ഒന്നാക്കിതീര്‍ക്കുവാന്‍ തിരകളെ പറഞ്ഞ് അയക്കുന്ന കടല്‍തീരത്തല്ല ഞങ്ങള്‍ നില്‍ക്കുന്നത്. എന്‍റെ പേരിന്‍റെകൂടെ പേരെഴുതുവാന്‍ അധികാരമുള്ളവന്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന വരള്‍ച്ചയുടെ വിള്ളലുകള്‍ വീണ്ടും കൂടുന്നതുപോലെ തോന്നി.

    വ്യക്തമായി ഓര്‍ക്കുന്നുണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്‍റെ പേരിന്‍റെയൊപ്പം അവന്‍റെ പേരും എഴുതിയത് “ലോറന്‍സ്”. ആഞ്ഞടിച്ച തിരമാലകള്‍ ഒന്നക്കിയതാണ് സോഫിയയേയും ലോറന്‍സിനേയും. അന്നുതന്നെയാണ് ഞങ്ങളുടെ സ്നേഹം ആദ്യമായി തുറന്നു പറഞ്ഞതും. തിരിച്ചു പോയ തിരമാലകള്‍ പറഞ്ഞ കഥകള്‍ കേട്ട് സുര്യന്‍ ഉറങ്ങാന്‍ തുടങ്ങി. പുതിയൊരു ജീവിതം സ്വപനം കണ്ട്, മനസ്സില്‍ നിറയെ സ്നേഹവുമായി ഞങ്ങളും യാത്രതിരിച്ചു.

    കൈയ്യില്‍ നിറയെ പൂക്കളുമായി ഓഫീസിന്‍റെ മുകളിലെ ഹാളിലേക്ക് പടികള്‍ കയറിവരുമ്പോഴാണ് ആദ്യമായി അവനോട് സംസാരിക്കുന്നത്. കുറച്ചുനാളുകള്‍ ആവുന്നതെയുള്ളു ഞാന്‍ അ ഓഫീസിന്‍റെ ഭാഗമായി മാറിയിട്ട്. ഞാനടക്കമുള്ള അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്‍റെിലെ ആളുകള്‍ മറ്റു ഡിപ്പാര്‍ട്ട്മെന്‍റെിലെ എല്ലാവരെയും അറിയുമെങ്കിലും സംസാരിക്കുന്നത് ചുരുക്കമാണ്. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെലെ ലോറന്‍സും അക്കുട്ടത്തില്‍ ആയിരുന്നു, കൈനിറയെ പൂക്കളുമായി വരുന്നത് വരെ. ഓണാഘോഷങ്ങള്‍ മുകളിലുള്ള വിശാലമായ ഹാളിലാണ് നടക്കാറുള്ളത്. ആ വിശാലതയുടെ തിരക്കിലാണ് എല്ലാവരും പരിചയം പുതുക്കുന്നതും, വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും. പല പല കൂട്ടങ്ങളായി എല്ലാവരും തിരക്കുകളിലേക്ക് അകപെടുന്നതിനുമുന്നെ അവന്‍റെ കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാപൂക്കളും എനിക്കു നല്‍കിയിരുന്നു.

    ലോറന്‍സ് നല്‍കിയ പലനിറത്തിലുള്ള പൂക്കള്‍ മറ്റെല്ലാവര്‍ക്കുമായി വീതിച്ചു കൊടുത്തു. എല്ലാവരും ആ പൂക്കള്‍കൊണ്ട് വലിയൊരുകളവും ഉണ്ടാക്കി. ആഘോഷത്തിരക്കില്‍ ഞങ്ങള്‍ പലപ്രാവശ്യം കണ്ടപ്പോഴും, പല കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോഴും, കൈയ്യടിച്ചപ്പോഴും, ഞാന്‍ വിചാരിച്ചില്ല ഇനി വരാനിരിക്കുന്ന എന്‍റെ ദിവസങ്ങള്‍ക്ക് ലോറന്‍സിന്‍റെ നിറമായിരിക്കുമെന്ന്.

    വീട്ടില്‍നിന്നും കൃത്യ സമയത്തിറങ്ങി തിരിച്ചെത്തത്തിയിരുന്ന ഞാന്‍ നേരത്തെയിറങ്ങി വയ്കിയെത്തുന്ന ആളായി. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത് അറിയാത്തതുപോലെ പെരുമാറാന്‍ ശ്രമിച്ചു. നിറംമങ്ങിയ ചുമരുകള്‍ വെളുപ്പിക്കുവാന്‍ ജോലിക്കാര്‍ എത്തുന്നതുവരെ ഓഫീസിന് മുകളിലെ വിശാലമായ ഹാളിന്‍റെ നിറംമാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്‍റെയും അവന്‍റെയും സംസാരങ്ങള്‍ക്കൊപ്പം മാറികൊണ്ടിരുന്ന നിറങ്ങളേയും ഞങ്ങള്‍ ഇഷ്ടപ്പെട്ടിരിന്നു. ഓഫിസ്സിന്‍റെ മതില്‍കെട്ടിനുള്ളിലും പുറത്തും വച്ചുള്ള കണ്ടുമുട്ടലുകള്‍ സഹപ്രവര്‍ത്തകരുടെ സ്ഥിരം കാഴ്ച്ചയായി. അവന്‍റെ തീരുമാനം വീണ്ടും എന്നെ വീട്ടില്‍ കൃത്യ സമയം പാലിക്കുന്ന ആളാക്കി.

    തള്ളിനീക്കിയ ഇഷ്ടമില്ലാത്ത ദിവസങ്ങളുടെ ഓര്‍മ്മകള്‍ കടല്‍ത്തിരയില്‍ അലിയിച്ചുകളഞ്ഞപ്പോള്‍ നന്ദി പറഞ്ഞത് അപ്രതീക്ഷിതമായി അവധിതന്ന ഓഫീസ് മാനേജ്മെന്‍റെിനോടാണ്. അന്നു തന്നെയാണ് ആ തിരമാലകള്‍ ആദ്യമായി എന്‍റെയും അവന്‍റെയും പേരുകള്‍ ഒന്നാക്കിയതും. പിന്നീട് ലീവ് എടുക്കുന്ന ദിവസങ്ങള്‍ ആ തിരമാലകള്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കുന്ന ജോലി ചെയ്തുകൊണ്ടേയിരുന്നു.

    കാഴ്ച്ചക്കാരായ പരിചയക്കാരുടെ മനസ്സില്‍ കുറിച്ചിട്ട ഞങ്ങളുടെ പേരുകള്‍ ഇരു വീടുകളിലും സംസാര വിഷയമായി. അവരുടെ മനസ്സില്‍ പതിഞ്ഞ ആ പേരുകള്‍ മായ്ക്കുന്നതില്‍ തിരമാലയും പരാജയപെട്ടു. പരിചിതരുടെ പരാതികള്‍ കൂടുന്നതിനനുസരിച്ച് വീട്ടുകാരുടെ ശബ്ദവും കൂടിവന്നു. ഇത്തരം സാഹചര്യങ്ങള്‍ ഞങ്ങളെ പുതിയ മേച്ചില്‍പ്പുറങ്ങളുടെ അന്വേഷകരാക്കി.

   നനവുണങ്ങാത്ത കരയില്‍ പച്ച പുല്ലുകളേയും, ഒപ്പം വളര്‍ന്ന കുറ്റി ചെടികളേയും ചുംബിച്ചുകൊണ്ടും. കുറച്ചകലെയുള്ള വലിയ മരങ്ങളെ തലോടാന്‍ തണുത്ത കാറ്റിനെ പറഞ്ഞയച്ചും. ആരെയും ശല്ല്യപെടുത്താതെ ഒഴുകികൊണ്ടിരുന്ന ഈ പുഴ ഞങ്ങളുടെ മനംകവര്‍ന്നു. ആകാശത്തിന്‍റെ കണ്ണാടിപോലെ തോന്നിയ പുഴയുടെ ആളൊഴിഞ്ഞ തീരങ്ങളെ ഞങ്ങളുടെ അവധി ദിവസങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍, പലപ്പോഴും ആകാശത്ത് വേഷം മാറി കൊണ്ടിരിക്കുന്ന മേഘങ്ങളും കൂട്ടുവരുമായിരുന്നു.

    പച്ചപുല്ലുകള്‍ ഒത്തുകൂടി വേലികെട്ടിതിരിച്ച വലിയൊരു മരത്തിന്‍റെ കീഴ്ഭാഗം ഞങ്ങള്‍ സ്വന്തമാക്കി. അതിനടുത്തുള്ള ചെറിയ പാറകെട്ടുകളില്‍ വെള്ളം കെട്ടി കിടന്നു. ആകാശത്തിന്‍റെ നിറത്തിനനുസരിച്ച് അ വെള്ളത്തിന് നിറം മാറാനുള്ള കഴിവുണ്ടെന്ന് അവന്‍റെ സാനിധ്യത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാണ് ഈ പുഴയുടെ ഹൃദയഭാഗം ഞങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അകലെനിന്ന ആരോ അതുതന്നെ തിരിച്ചു പറഞ്ഞു.

    സന്തോഷം പറഞ്ഞറിയിച്ച് മഴ തകര്‍ത്തു പെയ്യുന്നു. ഒഴുകാന്‍ മറന്ന പുഴ മഴത്തുള്ളിക്കൊപ്പം തുള്ളിച്ചാടികൊണ്ടെയിരുന്നു. കുടയായി മാറിയ വലിയ മരത്തിന്‍റെ വിരിഞ്ഞ ചില്ലകള്‍ക്കു താഴെ നില്‍ക്കുമ്പോള്‍ ഞാന്‍ അവന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പാറകെട്ടുകളില്‍ മയങ്ങി ക്കിടന്ന വെള്ളം പുഴയുടെ കൈകളില്‍ പിടിമുറുക്കി. ശാന്തമായ മഴ ഞങ്ങളെ നനഞ്ഞ രുപത്തിലാക്കി കടന്നുപോയി. പുതിയ കൈവഴിയിലൂടെ ചെറിയ മീനുകള്‍ പാറകെട്ടുകളിലേക്ക് എത്തിതുടങ്ങി. മുറുകേപിടിച്ചിരുന്ന അവന്‍റെ കൈകളെ തട്ടിമാറ്റാന്‍ അതുവഴി പോയ കാറ്റിനും പറ്റിയില്ല. ഒന്നാവുന്നതുവരെ കണ്ണുകളെ വായിച്ചറിഞ്ഞ ഞങ്ങളുടെ ചിറകുമുളച്ച ചുണ്ടുകള്‍ വേഗത്തില്‍ പറന്നു. അവിടെനിന്നും യാത്ര തിരിക്കുമ്പോള്‍ മരത്തിനുമുകളിലെ സ്ഥിരം താമസക്കാര്‍ ചിരിക്കുന്നുണ്ടായിരുന്നു, ഇരുട്ടു വന്നു മതില്‍ കെട്ടുന്നതും നോക്കി.

    ഉറച്ചുനിന്നഞങ്ങളുടെ തീരുമാനങ്ങളെ ആദ്യം എതിര്‍ത്തതും പിന്നീട് സമ്മതിച്ചതും രണ്ടു വീട്ടുകാരും ഒരുമിച്ചാണ്. റിസപ്ഷന്‍ ഹാളിന്‍റെചുമരില്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ ഒന്നാക്കി എഴുതി. ആ പേരുകള്‍ മായാതെ ഹൃദയത്തില്‍ എഴുതിയിരുന്ന അടുത്ത പരിചയക്കാര്‍ അവിടെയെത്തി ആ ഭാരം ഇറക്കി വയ്ക്കുമ്പോള്‍ ഭക്ഷണവും കഴിക്കുന്നുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ ഇത്തരം അവസരങ്ങള്‍ ആഘോഷപൂര്‍ണ്ണമാക്കുമ്പോള്‍, ആ വലിയ മരത്തിനെ ഒറ്റപെടുത്താന്‍ ചുറ്റുംകൂടിയ പച്ച പുല്ലുകളും കുറ്റിചെടികളും ഞങ്ങളുടെ മുന്നിലും വട്ടം കൂടിയെങ്കിലെന്നു തോന്നി.

    എല്ലാവര്‍ക്കും മുന്നില്‍ ഒന്നായ അന്നുമുതല്‍ ഞങ്ങളുടെ ലോകം സ്വന്തം വീടെന്ന പുതിയ മേച്ചില്‍പ്പുറതെത്തിച്ചു. ലീവ്തീരുന്നത് വരെയുള്ള നല്ല നാളുകള്‍ സ്വന്തക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കൊപ്പവും ചുറ്റി തിരിയുമ്പോള്‍ ഞാന്‍ അവന്‍റെയും,അവന്‍ എന്‍റെയും കൈകളില്‍ മുറുക്കെ പിടിച്ചിരുന്നു. ആരേയും ശല്ല്യപെടുത്താന്‍ അനുവതിക്കാതെ അ വീടിന്‍റെ ചുമരുകള്‍ ഞങ്ങളുടെ സന്തോഷത്തിനൊപ്പം ഉറങ്ങുകയും, ഉണരുകയും ചെയ്തു.

    തിരിയുന്ന ചക്രത്തിനനുസരിച്ച് ഓടുന്ന ജീവിതം തിരക്കുകള്‍ക്കൊപ്പം കൂട്ടുകൂടി. മിക്കവാറും പിന്നീടുള്ള ദിവസങ്ങളില്‍ മുകളില്‍ കറങ്ങുന്ന ഫാനിനെ സാക്ഷിയാക്കി ഉണരുന്നു, അതേ സാക്ഷിയുടെ കീഴില്‍ ഉറങ്ങുന്നു, ദൃക്സാക്ഷികളായ ചുമരുകള്‍ ഉറക്കമില്ലാത്തവരായിയി. ഇഷ്ടപ്പെട്ടിരുന്ന ജീവിതത്തിന്‍റെ നിറ വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞതുമുതല്‍ പരസ്പരം തുടങ്ങിയ വഴക്കുകള്‍ അവസാനിപ്പിക്കാന്‍ നിറംമങ്ങിതുടങ്ങിയ ചുമരുകള്‍ പാടുപെടുന്നുണ്ടായിരുന്നു.

    ഒന്നിച്ചുള്ള ഓഫീസ് യാത്രയില്‍ സമയകൃത്യത പാലിച്ചിരുന്നത്കൊണ്ട്‌ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. റോഡുപണി അന്നത്തെ യാത്രയെ വഴി തിരിച്ചുവിട്ടു. പാലത്തിനു മുകളില്‍ ആദ്യം സ്ഥാനം പിടിച്ച വാഹനങ്ങളും, പിന്നീടെത്തിയ വാഹനങ്ങളും ഞങ്ങളെ നടുക്ക് നില്‍ക്കുന്നവരാക്കി. പുഴ രണ്ടാക്കിയ കരകളെ ഒന്നാക്കിയ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോഴാണ് പുതിയ ഇലകള്‍ തളിര്‍ക്കാതെ വിഷമിക്കുന്ന ആ വലിയ മരത്തിന്‍റെ മുകള്‍ഭാഗം ആദ്യമായി കാണുന്നത്. അതൊരു വിഷമവും സുചനയുമായി.

    ഓഫിസിന്‍റെ വലിയ ഹാളും, മതില്‍കെട്ടും, കടലിലെ തിരയും, പുഴയുടെ കരയും,... പഴയ ഓര്‍മ്മകള്‍ മിന്നിമറിഞ്ഞ ഒരുദിവസം അവന്‍ എന്നോട് കുറേ സംസാരിച്ചു, ഞാന്‍ ഒന്നും പറഞ്ഞില്ല. വീടിനുചുറ്റും പച്ച പുല്ലുകള്‍ വച്ചുപിടിപ്പിക്കണമെന്ന എന്‍റെ ആഗ്രഹം അവന്‍ ഓര്‍ത്ത്പറഞ്ഞു. കണ്ണുകളുടെ ഭാഷ മറന്നുപോയ ചുണ്ടുകള്‍ പറയാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ മനസില്‍ പറഞ്ഞു “അറിയാതെ ഉള്ളില്‍നിന്നും വറ്റിപോയ സ്നേഹത്തിനൊപ്പംപോയ സ്വപ്നങ്ങളെ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കാറില്ല”.

   ഒന്നായവരുടെ ആദ്യത്തെ ഓണം, ഓഫിസിലെ പടികള്‍ ഒരുമിച്ചു കയറുമ്പോള്‍ ഞനും അവനും സംസാരിച്ചിരുന്നില്ല. അവന്‍റെ ചോദ്യങ്ങളുടെ ഉത്തരമെന്നപോലെ എന്‍റെ കൈകളില്‍ ഒരു നിറത്തിലുള്ള പൂക്കള്‍ മാത്രമാണുണ്ടായിരുന്നത്. ആഘോഷങ്ങള്‍ അവസാനിപ്പിച്ച് അവിടെനിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, ഇനി വരാന്‍പോകുന്ന എന്‍റെ ദിവസങ്ങള്‍ക്ക് എന്‍റെ മാത്രം നിറമായിരിക്കുമെന്ന്.

    എനിക്ക് അവനോടുള്ള സ്നേഹം കുറഞ്ഞുതുടങ്ങിയത് എപ്പോഴാണ്, ഉത്തരം കിട്ടാത്ത ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കുറേ ഉത്തരങ്ങള്‍ പറയിപ്പിച്ച അ ചോദ്യം പിന്നീട് ചോദിക്കാതെയായി. മാറ്റങ്ങള്‍ പരസ്പരം കാണാതെയായപ്പോള്‍, കണ്ടുനിന്നവര്‍ക്ക്‌ ഞങ്ങള്‍ ഒന്നിച്ചു യാത്രചെയുന്ന മാതൃക രൂപങ്ങളായി. അവധിദിവസങ്ങള്‍ വലിയചുവരുകള്‍ക്കുള്ളിലെ ചെറിയ ചുവരുകള്‍ വേര്‍പെടുത്തിയ മുറികളില്‍ ചിലവഴിച്ചു.

   നിത്യജീവിതത്തിന്‍റെ നിറംമങ്ങിയ കാഴ്ച്ചക്കാരായ അവനും ഞാനും ചിന്തിച്ചിരുന്നത് ഒരു കാര്യത്തെക്കുറിച്ചാണ്. നാളുകള്‍ക്കുശേഷം ഒന്നിച്ച് അങ്ങിനെ ഒരു തീരുമാനമെടുത്തു. വെട്ടം വീഴുന്നതിനുമുന്നെ ഞങ്ങള്‍ ഒരുമിച്ചു യാത്ര തുടങ്ങിയിരുന്നു. അവിടെയെത്താന്‍ ഒരുവഴി മാത്രമാണുണ്ടായിരുന്നത്, ഇപ്പോള്‍ അ വഴി പല വഴികളായി പിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ആദ്യം കണ്ട വഴിയിലൂടെ തന്നെ പോയി. ഉണങ്ങിയ പുല്ലുകള്‍ക്കും, കുറ്റിച്ചെടികള്‍ക്കും മുകളിലൂടെയുള്ള യാത്ര പെട്ടന്നവിടെ എത്തിച്ചു. ഞങ്ങള്‍ കണ്ടെത്തി ഉറക്കെ വിളിച്ചു പറഞ്ഞ അ പുഴയുടെ ഹൃദയ ഭാഗം. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മറച്ചുവെച്ച വരള്‍ച്ചയുടെ പാടുകള്‍ ആഞ്ഞടിക്കുന്ന ചൂടുകാറ്റ് തെളിയിച്ചു.

   വറ്റി വരണ്ട പാറകെട്ടുകളില്‍ ആകാശത്തിന്‍റെ നിറം അവന്‍ കൂടെ ഉണ്ടായിട്ടും കാണാന്‍ പറ്റിയില്ല. യാത്ര പറഞ്ഞ് ഒഴുകുന്ന പുഴയെ തിരിച്ചു വിളിക്കാന്‍ കാലുനനയുന്നതുവരെ മുന്നോട്ടു നടന്നു. ഒന്നും മിണ്ടാതെ അവന്‍ അവിടെത്തന്നെ നില്‍ക്കുനുണ്ടായിരുന്നു. നനഞ്ഞ കാലുകള്‍ക്കും തീരുമാനങ്ങളെ മാറ്റുവാന്‍ പറ്റിയില്ല. തിരികെ നടന്നത് അവന്‍റെ കണ്ണുകളില്‍ നോക്കിയാണ്. കണ്ണുകളുടെ ഭാഷ പറയാന്‍ മറന്ന ചുണ്ടുകള്‍ ഒന്നും മിണ്ടിയില്ല. പേരെഴുതിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ഹൃദയത്തിന്‍റെ ഭാഷ മനസ്സിലാക്കിയ കൈ വിരലുകള്‍ വരണ്ടുണങ്ങിയ തീരത്തെഴുതിയ വാക്കുകള്‍ ആഞ്ഞടിച്ച കാറ്റിനും മായ്ക്കുവാന്‍ കഴിഞ്ഞില്ല.

    അവിടെ നിന്നും തിരിച്ചു പോരുംമ്പോള്‍, മഴ എത്തുന്നതുംനോക്കി പാറകെട്ടുകളില്‍ ഉളിച്ചിരിക്കുന്ന മീനുകളെക്കുറിച്ചോ, എങ്ങോ പോയ വലിയ മരത്തിലെ താമസക്കാരെപ്പറ്റിയോ, ആലോചിച്ചില്ല. വരണ്ട കരയില്‍ ഞാന്‍ ആഴത്തില്‍ കുറിച്ചിട്ട വാക്കുകളെക്കുറിച്ചായിരുന്നു. ആ വാക്കുകള്‍ മാച്ചുകളയാന്‍ വേഷംമാറി വരുന്ന മേഘങ്ങള്‍ക്കൊപ്പം കാറ്റിനേയുംകൂട്ടി എത്തുന്ന പുഴയെക്കുറിച്ചായിരുന്നു. ഓടുന്ന വണ്ടിയുടെ ശബ്ദത്തിനൊപ്പം നിലത്ത് എഴുതിയവാക്കുകള്‍ മനസ്സ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇനിയും ഇവിടെ എത്തിപ്പെടേണ്ട എല്ലാവര്‍ക്കും കേള്‍ക്കാനായി.....


“ജീവിതം വറ്റി വരളുന്നു, സ്നേഹം ഇല്ലാതാവുമ്പോള്‍” 
                      
കെ.എന്‍.സരസ്വതി

[Soney Naraynan]





No comments:

Post a Comment